ഗാസയിൽ ധനകാര്യ മന്ത്രാലയം തകർത്ത് ഇസ്രയേൽ, ധനമന്ത്രിയെ കൊലപ്പെടുത്തി; യുദ്ധത്തിൽ പ്രതികരിച്ച് പുടിനും മോദിയും
ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ
ടെൽ അവീവ്: ഗാസയിലെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇവിടുത്തെ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഇതിനൊപ്പം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്‍റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം.
അതിനിടെ ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാട്മിർ പുടിനും രംഗത്തെത്തി. പിടിന്‍റെ വിമർശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യൻ പ്രസിഡന്‍റ് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വ്ളാട്മിർ പുടിൻ പറഞ്ഞു.
അതിനിടെ ഇസ്രയേൽ - ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
അതേസമയം ഇസ്രയേൽ - ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്. ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം