ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം തകര്‍ത്ത് ഇസ്രായേല്‍; സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോർട്ട്
ആണവ കേന്ദ്രമായ തലേഗാൻ സൈനിക സമുച്ചയമാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി അയവില്ലാതെ തുടരുന്നതിനിടെ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രായേൽ തകർത്തതായി റിപ്പോർട്ട്. ഇറാനിലെ പാർച്ചിനിൽ പ്രവർത്തിച്ചിരുന്ന ആണവ പരീക്ഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായതെന്ന് അമേരിക്കൻ, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. വൻ നാശനഷ്ടമാണ് ഉണ്ടായതെന്നും ആണവായുധ ഗവേഷണ പരിപാടികൾ പുനരാരംഭിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് രഹസ്യ ഇറാനിയൻ ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടത്. ആക്രമണത്തിൽ പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ്റെ തെക്ക് കിഴക്ക് നിന്ന് 20 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ആണവ കേന്ദ്രമായ തലേഗാൻ സൈനിക സമുച്ചയമാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടത്. ഇറാൻ്റെ അമാദ് ന്യൂക്ലിയർ പ്രോഗ്രാമിന്റെ സമയത്ത് ഈ പ്രദേശം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. 2003-ൽ ഇവിടെ നടന്നിരുന്ന ആണവ പദ്ധതി നിർത്തിയതായി ഇറാൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് രഹസ്യമായി തുടരുകയായിരുന്നുവെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആരോപിച്ചു.
അതേസമയം, ഇറാന്‍ ഒരുതരത്തിലും ആണവായുധങ്ങളുടെ നിര്‍മാണമോ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇസ്രായേലിന്റെ അവകാശവാദം നിഷേധിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എന്നാൽ, ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങളിൽ ആക്രമണം ശരിവെയ്ക്കുന്നുണ്ട്. ഇറാൻ ഗവൺമെൻ്റിൻ്റെ ആണവായുധ ഗവേഷണ പരിപാടിയുടെ ഭാഗമാണ് തലേഗനിലെ രണ്ട് കെട്ടിടങ്ങളെന്ന് അമേരിക്കൻ, ഇസ്രയേലി അധികൃതർ ഉറപ്പിച്ചു പറഞ്ഞിരുന്നു. തലേഗാനിൽ രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും നിലംപൊത്തിയതായി സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ കാണുകയും ചെയ്യാം.