ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; യുഎന്നിന്റെ സ്കൂൾ ഉൾപ്പെടെ തകർത്തു, കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടു

പലപ്പോഴും സ്കൂളുകളെ മറയാക്കി ഹമാസ് ആക്രമണത്തിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. 

Israel continues airstrikes on Gaza A UN school was destroyed killing 34 people including children

ഗാസ: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസം രാത്രിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 34 പേരാണ് കൊല്ലപ്പെട്ടത്. യുഎന്നിന്റെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിന് സമീപത്തുണ്ടായിരുന്ന രണ്ട് വീടുകളും പൂർണമായി തകർന്നതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ ആറ് പേർ യുഎൻ ജീവനക്കാരാണ്. ഒളിത്താവളമായും ആക്രമണത്തിന് പദ്ധതികളിടാനും സ്‌കൂളുകളെ ഹമാസ് മറയാക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിനാൽ ഇടയ്‌ക്കിടെ ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ കനത്ത ആക്രമണമാണ് നടത്താറുള്ളത്. 

ഇക്കഴിഞ്ഞ ബുധനാഴ്ച തെക്കൻ ഗാസയിലെ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു വീടിന് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. 21 വയസ്സ് വരെ പ്രായമുള്ള ആറ് സഹോദരന്മാരും സഹോദരിമാരും ഉൾപ്പെടെ 11 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട ഗാസയിലെ യുദ്ധം ഇപ്പോൾ 11-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേലും ഹമാസ് സായുധ സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാനായി നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളൊന്നും തന്നെ ഫലം കണ്ടില്ല. 

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 41,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 95,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒക്‌ടോബർ 7-ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ നശിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പരസ്യ പ്രഖ്യാപനം നടത്തിയത്. 

READ MORE: മാനവീയം വീഥിയില്‍ പുലികളിറങ്ങി! ഏഷ്യാനെറ്റ് ന്യൂസ് - മൈത്രി ഓണപ്പരിപാടിക്ക് പ്രൗഢഗംഭീരമായ തുടക്കം

Latest Videos
Follow Us:
Download App:
  • android
  • ios