സെമിത്തേരിക്കടിയിലും തുരങ്കം, ഉള്ളിൽ കൺട്രോൾ റൂമുകളും ആയുധ ശേഖരവും; ഹിസ്ബുല്ലയുടെ ടണലുകൾ തകർത്തെന്ന് ഇസ്രയേൽ
ജീവിച്ചിരിക്കുന്നതോ ജീവൻ നഷ്ടപ്പെട്ടതോ ആയ മനുഷ്യ ജീവനുകളെ ഹിസ്ബുല്ല വിലമതിക്കുന്നില്ല എന്ന വാക്കുകളോടെ ടണലിന്‍റെ ദൃശ്യം ഇസ്രയേൽ പ്രതിരോധ സേന പങ്കുവച്ചു
ബെയ്റൂത്ത്: ലെബനനിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ തുരങ്കങ്ങൾ പൊളിച്ചെന്ന് ഇസ്രയേൽ സൈന്യം. സെമിത്തേരിക്ക് കീഴിൽ സ്ഥിതി ചെയ്യുന്ന ടണൽ ഉൾപ്പെടെ തകർത്തു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. കിലോമീറ്ററുകൾ നീളമുള്ള തുരങ്കത്തിൽ കൺട്രോൾ റൂമുകളും ആയുധ ശേഖരങ്ങളും ഉറങ്ങാനുള്ള മുറികളും ഉണ്ടായിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
''ജീവിച്ചിരിക്കുന്നതോ ജീവൻ നഷ്ടപ്പെട്ടതോ ആയ മനുഷ്യ ജീവനുകളെ ഹിസ്ബുല്ല വിലമതിക്കുന്നില്ല' എന്ന വാക്കുകളോടെയാണ് ഇസ്രയേൽ പ്രതിരോധ സേന തുരങ്കത്തിനുള്ളിലെ ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് പമ്പ് ചെയ്താണ് തുരങ്കം അടച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേൽ - ഹമാസ് യുദ്ധം തുടങ്ങിയതു മുതൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ സംഘർഷമുണ്ട്. നേരത്തെയും ഹിസ്ബുല്ലയുടെ ഭൂഗർഭ ടണലിന്‍റെ ദൃശ്യം എന്ന പേരിൽ ഇസ്രയേൽ വീഡിയോ പുറത്തുവിട്ടിരുന്നു. ദിവസങ്ങളോളം തങ്ങാൻ കഴിയും വിധത്തിൽ ഹിസ്ബുല്ല നിർമിച്ച ടണലിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. ഇരുമ്പ് വാതിലുകളുള്ള കിടപ്പുമുറിയും കുളിമുറിയും എകെ 47 തോക്കുകളും ഇരുചക്ര വാഹനങ്ങളും ജനറേറ്ററുകളുള്ളമൊക്കെയുള്ള തുരങ്കത്തിന്‍റെ ദൃശ്യമാണ് ഇസ്രയേൽ പുറത്തുവിട്ടത്. ഗാസയിൽ ഹമാസിന്‍റേത് പോലെയല്ല ഹിസുബുല്ലയുടെ ടണലെന്ന് വീഡിയോയിൽ കാണുന്ന വനിതാ സൈനിക ഉദ്യോഗസ്ഥ പറയുന്നു.
'ഇത് ഞങ്ങൾ ഗാസയിൽ കണ്ട തുരങ്കങ്ങൾ പോലെയല്ല, തീവ്രവാദികൾക്ക് ദിവസങ്ങളോളം തങ്ങാൻ കഴിയുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്' എന്ന് ഇസ്രയേൽ സൈന്യം പറയുന്നു. തെക്കൻ ലെബനനിൽ നിന്നുള്ള ദൃശ്യം എന്നാണ് സൈനിക ഉദ്യോഗസ്ഥ പറഞ്ഞത്. എന്നാൽ ഇത് എപ്പോൾ കൃത്യമായി എവിടെ ചിത്രീകരിച്ചതാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമല്ല. ഈ വിഡിയോ പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് ടണലുകൾ തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം