ലെബനോനിലെ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം; നിരവധിപ്പേർ കൊല്ലപ്പെട്ടു
ദക്ഷിണ ബെയ്റൂത്തിലെ ചില പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നും അവിടെ ആക്രമണം നടത്തുമെന്നും കാണിച്ച് ഇസ്രയേൽ സൈന്യം ഒരു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ബെയ്റൂത്ത്: ലെബനോനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 37 പേർ മരിച്ചു. കിഴക്കൻ ബാൽബെക്ക് ഏരിയയിലെ പ്രധാന സിവിൽ ഡിഫൻസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. സ്ഥലത്തു നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലം അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇരുപതോളം സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു.
അതേസമയം ദക്ഷിണ ലെബനോനിലെ നബാത്തി ഏരിയയിലെ മറ്റൊരു സിവിൽ ഡിഫൻസ് സെന്ററിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ആറ് പേർ മരിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ദക്ഷിണ ബെയ്റൂത്തിലെ ചില പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നും അവിടെ ആക്രമണം നടത്തുമെന്നും കാണിച്ച് ഇസ്രയേൽ സൈന്യം ഒരു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ അടയാളപ്പെടുത്തിയിട്ടുള്ള ഒരു മാപ്പും ഇസ്രയേൽ സൈനിക വക്താവ് പുറത്തുവിട്ടു. ഈ മാപ്പിൽ ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ട് കെട്ടിടങ്ങളിലുള്ളവരും അതിനോടടുത്ത കെട്ടിടങ്ങളിലുള്ളവരും എത്രയും വേഗം ഒഴിയണമെന്നാണ് ഇസ്രയേലിന്റെ നിർദേശം. ഇതിന് പിന്നാലെ രാത്രി രണ്ടിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തുകയും നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം വടക്കൻ ഗാസയിൽ പലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി യുഎൻ നടത്തുന്ന അഭയ കേന്ദ്രത്തിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം