Asianet News MalayalamAsianet News Malayalam

ഇസ്രായേലിന് നേരെ 140 റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ച് ഇസ്രായേൽ

ലെബനനിൽ പേജറുകളും വാക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 20ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. 

israel air strike in beirut after Hezbollah rocket attack
Author
First Published Sep 20, 2024, 9:16 PM IST | Last Updated Sep 20, 2024, 9:16 PM IST

ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമാക്കി 140 റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. തൊട്ടുപിന്നാലെ ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്ത് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വൻതോതിലുള്ള ബോംബാക്രമണത്തിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റോക്കറ്റാക്രമണം ഉണ്ടായത്. 

ദാഹിയെയിലെ ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് ഒരു ഡ്രോൺ നിരവധി മിസൈലുകൾ തൊടുത്തുവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കൻ ലെബനനിലുടനീളം ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളോ പുറത്തുവിടാൻ ഇസ്രായേൽ സൈന്യം തയ്യാറായിട്ടില്ല. എന്നാൽ, ഇസ്രായേലിന്റെ വ്യോമ പ്രതിരോധ താവളങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നും ഗ്രാമങ്ങളും വീടുകളും ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്നും റോക്കറ്റാക്രമണത്തെ കുറിച്ച് ഹിസ്ബുല്ല വക്താവ് പറഞ്ഞു. 

സെപ്റ്റംബർ 17, 18 തീയതികളിൽ ലെബനനിൽ പേജറുകളും വാക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 20ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുല്ല നേതാക്കളും ഉണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുല്ല ആരോപിച്ചിരുന്നു. എന്നാൽ, ആക്രമണത്തിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. 

READ MORE: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു; അഫ്​ഗാനിസ്ഥാനെ രൂക്ഷമായി വിമ‍‍ർശിച്ച് പാകിസ്ഥാൻ

Latest Videos
Follow Us:
Download App:
  • android
  • ios