ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജർമനിയിലെ ഇറാനിയൻ പ്രതിപക്ഷാംഗങ്ങൾ
ഞായറാഴ്ച വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്
ബെർലിൻ: ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജർമനിയിലെ ഇറാനിയൻ പ്രതിപക്ഷാംഗങ്ങൾ. ബർലിനിലെ ഇറാനിയൻ എംബസിക്കു മുന്നിൽ നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് അംഗങ്ങളാണ് ആഘോഷവുമായി ഒത്തുകൂടിയത്. രക്തത്തിന്റെ നീതിപതി എന്നെഴുതിയ പ്ലക്കാർഡുകളുമായായിരുന്നു പ്രകടനം.
ഞായറാഴ്ച വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. വ്യാപകമായ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ചയാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അസര്‍ബൈജാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുര്‍ഘടമായതിനെ തുടര്‍ന്ന് തുര്‍ക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ ഇറാന്‍ 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ഹെലികോപ്റ്റര്‍ ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം എത്തിയത്.
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട നേതാക്കളുടെ സംസ്കാരം വ്യാഴാഴ്ച നടക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ജൂൺ 28ന് വോട്ടെടുപ്പ് നടക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്. റെയ്സിയുടെ വിയോഗം രാജ്യത്തിന്‍റെ നയങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്ന് പരമോന്നത നേതാവ് അലി ഖാംനയി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം