Asianet News MalayalamAsianet News Malayalam

'ഇറാൻ സ്വതന്ത്രമാകും, നിങ്ങൾ കരുതുന്നതിലും വേഗത്തിൽ': ഇറാൻ ജനതയ്ക്ക് അസാധാരണ സന്ദേശവുമായി നെതന്യാഹു

ഇസ്രയേലും ഇറാനും തമ്മിൽ സമാധാനത്തിന്‍റെ ഒരു പുതിയ യുഗമുണ്ടാകുമെന്ന് ഇസ്രയേൽ

Iran will be free sooner than people think Rare message of Netanyahu to Iranians
Author
First Published Oct 1, 2024, 3:17 PM IST | Last Updated Oct 1, 2024, 3:17 PM IST

ടെൽഅവീവ്: പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾക്കിടയിൽ ഇറാനിലെ ജനങ്ങൾക്ക് അസാധാരണ സന്ദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.  ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് ഇസ്രയേൽ. ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമെന്നും ആ നിമിഷം നിങ്ങൾ കരുതുന്നതിലും വേഗത്തിലായിരിക്കുമെന്നും ഇറാൻ ജനതയോട് നെതന്യാഹു പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിൽ സമാധാനത്തിന്‍റെ ഒരു പുതിയ യുഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ ക്ഷേമത്തേക്കാൾ സംഘർഷങ്ങൾക്കാണ് ഇറാന്‍റെ നേതൃത്വം മുൻഗണന നൽകുന്നതെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇറാനിലെ ഭൂരിപക്ഷത്തിനും ഭരണകൂടത്തിന് തങ്ങളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലെന്ന് അറിയാം. വ്യർത്ഥമായ യുദ്ധങ്ങൾക്കായി അവർ പണം ചെലവഴിക്കുകയാണ്. ആയുധങ്ങൾക്കും മറ്റുമായി ചെലവഴിക്കുന്ന തുക ഭരണകൂടം നിങ്ങളുടെ ക്ഷേമങ്ങൾക്കായി ചെലവഴിച്ചിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. എന്നാൽ ലെബനനെ പ്രതിരോധിക്കുക, ഗാസയെ പ്രതിരോധിക്കുക എന്നെല്ലാമാണ് ഭരണകൂടം ദിവസവും പറയുന്നത്. ഇങ്ങനെയൊരു ഭരണകൂടം ജനങ്ങളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി. 

പശ്ചിമേഷ്യയിൽ ഇസ്രായേൽ സേനയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരു സ്ഥലവുമില്ലെന്ന് നെതന്യാഹു ആവർത്തിച്ചു. ഇസ്രയേൽ നീക്കത്തിൽ ഇറാന്‍റെ കളിപ്പാവകൾ ഇല്ലാതാവുകയാണ്. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ഭരണകൂടത്തിന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ലെബനന്‍റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ തലവൻ ഹസൻ നസ്‌റല്ലയെ ഇസ്രയേൽ സേന വധിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്‍റെ സന്ദേശം.

അതിനിടെ ലെബനനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രയേൽ യുദ്ധ മേഖലയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ നിന്നും പലായനം ചെയ്തവരുടെ അൻപതിനായിരം കടന്നു. അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.  

'നസ്റല്ല വധം ചരിത്രപരമായ വഴിത്തിരിവ്, ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ല': ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios