'ഇസ്രായേൽ ദീർഘകാലം ഉണ്ടാകില്ല'; കയ്യിൽ റഷ്യൻ നിർമ്മിത റൈഫിളുമായി ആയിരങ്ങളെ അഭിസംബോധന ചെയ്ത് ആയത്തുല്ല ഖമേനി
ചരിത്ര പ്രസിദ്ധമായ ഇമാം ഖൊമേനി മസ്ജിദാണ് തന്റെ അപൂർവ പ്രഭാഷണത്തിനായി ഖമേനി തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം.
ടെഹ്റാൻ: ഇസ്രായേലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേൽ ദീർഘകാലം നിലനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടന്ന വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയ ശേഷമായിരുന്നു 85കാരനായ ഖമേനി ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഏതാണ്ട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഖമേനി ഇത്തരത്തിലൊരു പ്രഭാഷണം നടത്തുന്നത്.
ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഖമേനിയുടെ കൈവശം റഷ്യൻ നിർമ്മിത ഡ്രാഗുനോവ് റൈഫിൾ ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇറാൻ സൈന്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും മനോവീര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചരിത്ര പ്രസിദ്ധമായ ഇമാം ഖൊമേനി മസ്ജിദ് തന്റെ അപൂർവ പ്രഭാഷണത്തിനായി ഖമേനി തെരഞ്ഞെടുത്തത്. ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ ഖമേനി അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നിലകൊള്ളണമെന്ന് ഇറാനിലെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേലിനെതിരെ ഇറാൻ അടുത്തിടെ നടത്തിയ മിസൈൽ ആക്രമണത്തെ കുറിച്ചും ഖമേനിയുടെ പ്രസംഗത്തിൽ പരാമർശമുണ്ടായി. ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾക്ക് ഇറാൻ സായുധ സേന നൽകിയ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ഇതെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ. ഇറാൻ സായുധ സേനയുടെ പ്രവർത്തനം പൂർണ്ണമായും നിയമപരവും നിയമാനുസൃതവുമായിരുന്നു. ഇസ്രായേലിനെ ആക്രമിക്കാനുള്ള നേതൃത്വത്തിൻ്റെ തീരുമാനത്തെ സാധാരണ ജനങ്ങൾ പിന്തുണച്ചുവെന്നും അതിന് തെളിവാണ് ചടങ്ങിൽ പങ്കെടുത്ത വൻ ജനക്കൂട്ടമെന്നും ഖമേനി കൂട്ടിച്ചേർത്തു.