'ലെബനനെ മറ്റൊരു ഗാസയാക്കരുത്'; ഇസ്രായേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് ഇറാൻ
പാശ്ചാത്ത്യ രാജ്യങ്ങളുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേലെന്ന് മസൂജ് പെസഷ്കിയൻ പറഞ്ഞു.
ടെഹ്റാൻ: ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ മസൂദ് പെസഷ്കിയൻ പറഞ്ഞു.
ഹിസ്ബുല്ലയ്ക്ക് ഇറാൻ പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാൻ അനുവദിക്കരുതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണെന്നായിരുന്നു മസൂദ് പെസഷ്കിയന്റെ മറുപടി. വാർഷിക യുഎൻ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലെത്തിയപ്പോൾ ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭ നിഷ്ക്രിയമായി തുടരുന്നതിനെ താൻ അപലപിച്ചെന്നും മിഡിൽ ഈസ്റ്റിൽ ഉടനീളം സംഘർഷം വ്യാപിക്കുന്നതിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടുത്തിടെ ഹിസ്ബുല്ലയുടെ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചു. എന്നാൽ, സ്ഫോടനത്തിന് പിന്നിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ പ്രതികരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. മറുപടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ALSO READ: ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈൽ; വീഡിയോ