ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയോ; കടുത്ത ആരോപണത്തിൽ വിശദീകരണവുമായി ഇറാൻ
ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാനിയൻ ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്ന യുഎസ് നീതിന്യായ വകുപ്പിൻ്റെ (ഡിഒജെ) റിപ്പോർട്ട് തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. അമേരിക്കയുടെ അവകാശ വാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ സയണിസ്റ്റ്, ഇറാൻ വിരുദ്ധ വിഭാഗം നടത്തുന്ന ഗൂഢാലോചനയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി മാധ്യമങ്ങളോട് പറഞ്ഞു.
ഇറാനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതെല്ലാം പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വെള്ളിയാഴ്ച ന്യൂയോർക്ക് സിറ്റി ഫെഡറൽ കോടതിയിൽ ക്രിമിനൽ പരാതി ഫയൽ ചെയ്യുകയും ചെയ്തു. 51 കാരനായ അഫ്ഗാൻ പൗരൻ ഫർഹാദ് ഷാക്കേരിയെ ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും ചുമതലപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
Read More.... ഇന്ത്യയോട് പ്രതികാരം തുടർന്ന് കാനഡ, വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, എസ്‍ഡിഎസ് വിസാ സംവിധാനം നിർത്തലാക്കി
ഇറാനിൽ താമസിക്കുന്നതായി കരുതപ്പെടുന്ന ഷാക്കേരി ഒളിവിലാണ്. കുട്ടിക്കാലത്ത് യുഎസിലേക്ക് കുടിയേറിയ ഇയാൾ, 2008-ൽ കവർച്ചക്കേസിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെട്ടു. പദ്ധതി നടപ്പാക്കാനായി രണ്ട് യുഎസ് പൗരന്മാരെ ഷാക്കേരി കരാറിനെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നു. ഇറാനിയൻ വംശജനായ ഒരു അമേരിക്കക്കാരനെ 100,000 ഡോളറിന് നിരീക്ഷണത്തിന് ചുമതലപ്പെടുത്തി. ഇറാനിയൻ ഭരണകൂടത്തിൻ്റെ കടുത്ത വിമർശകനായ മാസിഹ് അലിനെജാദ് എന്ന പത്രപ്രവർത്തകനായിട്ടാണ് ഇയാൾ എത്തിയതെന്നും പരാതിയിൽ പറയുന്നത്.