ഗ്രാമവാസികൾ ഉറക്കത്തിൽ, പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം, വീടുകളെ മൂടി അഗ്നിഗോളങ്ങളും ചാരവും, നിരവധി മരണം

ഫ്ലോർസ് ദ്വീപിൽ അർധരാത്രിയോടെയുണ്ടായ അഗ്നിപർവ്വത സ്ഫോടനം ഉറക്കത്തിലായ ഗ്രാമവാസികൾ അറിഞ്ഞില്ല. പുകയും ചാരവും മൂടിയ ഗ്രാമത്തിൽ ഇരുട്ടിൽ പലവഴി രക്ഷ തേടി ഓടിയവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല

Indonesia volcano eruption midnight ash fireballs over homes  public buildings

ജക്കാർത്ത: ഗ്രാമവാസികൾ ഉറക്കത്തിലായ സമയത്ത് പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം. വീടുകളിലേക്ക് തെറിച്ചെത്തിയത് അഗ്നി ഗോളങ്ങൾ. വീടുകൾ കത്തിക്കരിഞ്ഞതിന് പിന്നാലെ ചാരം മൂടി ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് തിങ്കളാഴ്ച രാത്രിയിൽ പൊട്ടിത്തെറിച്ചത്. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിൽ കത്തി നശിച്ചത്.

നിരവധി വീടുകൾ അഗ്നിക്കിരയായി. ഇതിൽ കത്തോലിക്കാ കന്യാസ്ത്രീകൾ തങ്ങിയിരുന്ന ഒരു കോൺവെന്റും കത്തിനശിച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയും മാലിന്യവും മൂടിയ നിലയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ഇതിനോടകം പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്. അഗ്നിപർവ്വതം പുക ചീറ്റി തുടങ്ങിയ സമയത്ത് കുറച്ച് ഗ്രാമവാസികൾ ഇവിടെ നിന്ന് മാറി താമസിച്ചതാണ് മരണ സംഖ്യ കുത്തനെ വർധിക്കാതിരിക്കാൻ സഹായിച്ചതെന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അഗ്നിരക്ഷാ സേനാംഗം യൂസഫ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 

ചാരം മൂടി തകർന്ന് വീടുകൾക്കിടയിൽ കൂടുതൽ ആളുകളുണ്ടോയെന്നും മൃതദേഹങ്ങൾ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് നിലവിൽ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. വുലാഗിംതാഗ് ജില്ലയിലെ ആറ് ഗ്രാമങ്ങളെയും ബുറ ജില്ലയിലെ നാല് ഗ്രാമങ്ങളെയുമാണ് അഗ്നി പർവ്വത സ്ഫോടനം സാരമായി ബാധിച്ചതെന്നാണ് അധികൃതർ വിശദമാക്കുന്നത്. മേഖലയിലെ ബാധിക്കപ്പെട്ടവർക്കായി താൽക്കാലിക സജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രാദേശിക ഭരണകൂടമുള്ളത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് വലിയ രീതിയിലുള്ള ലാവാ പ്രവാഹം ആരംഭിച്ചതെന്നാണ് വോൾക്കാനോ മോണിറ്ററിംഗ് ഏജൻസി വിശദമാക്കുന്നത്. പെട്ടന്നായിരുന്നു വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടായതെന്നാണ് വിലയിരുത്തൽ.

എങ്ങും ഇരുണ്ട ചാരം മൂടിയ അന്തരീക്ഷം മാത്രം; റുവാങ് അഗ്നിപർവ്വത സ്‌ഫോടന വീഡിയോ കണ്ട് ഭയന്ന് സോഷ്യല്‍ മീഡിയ

കന്യാസ്ത്രീകൾ അടക്കം നിരവധി പേരെയാണ് മേഖലയിൽ കാണാതായിട്ടുള്ളത്. ലാവാപ്രവാഹത്തിൽ നിന്ന് രക്ഷതേടി ഇരുട്ടിൽ ചാരം മൂടിയ അവസ്ഥയിൽ ദിശമാറി ഓടിയവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല. ടൺ കണക്കിന് അഗ്നിപർവ്വത മാലിന്യം മൂടിയ നിലയിലുള്ള ഗ്രാമങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസാ ടെങ്കാര പ്രവിശ്യയിലാണ് ഇവിടമുള്ളത്. 

നേരത്തെ ജനുവരിയിൽ 6500ഓളം പേരെ അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ദ്വീപിലെ ഫ്രാൻസ് സേവ്യർ സെഡ വിമാനത്താവളവും അടച്ചിരുന്നു. അന്ന് ആൾനാശമുണ്ടായിരുന്നില്ലെങ്കിലും വിമാനത്താവളം ഇനിയും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ആഴ്ചകൾക്കിടയിൽ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്തോനേഷ്യയിലെ 120 സജീവ അഗ്നിപർവ്വതങ്ങളിലൊന്നാണ് ലാകി ലാകി.    
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios