ഭൂമി കുഴിഞ്ഞ് മലേഷ്യയിൽ ഇന്ത്യക്കാരിയെ കാണാതായിട്ട് 5 ദിവസം, തെരച്ചിലിൽ സൂചനയില്ലെന്ന് കുടുംബം
നിരവധിപ്പേരുള്ള നടപ്പാതയിൽ വിജയലക്ഷ്മിക്ക് അപകടമുണ്ടാവുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. എന്നാൽ ഊർജ്ജിതമായ തെരച്ചിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിജയ ലക്ഷ്മിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ക്വാലാലംപൂർ: മലേഷ്യ സന്ദർശനത്തിനിടെ റോഡിൽ പെട്ടന്നുണ്ടായ കുഴിയിൽ ഇന്ത്യക്കാരിയെ കാണാതായിട്ട് അഞ്ച് ദിവസം. കുടുംബാംഗങ്ങൾക്കൊപ്പം ക്വാലാലംപൂരിലെ ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെയാണ് ഓഗസ്റ്റ് 23ന് കാണാതായത്. നിരവധിപ്പേരുള്ള നടപ്പാതയിൽ വിജയലക്ഷ്മിക്ക് അപകടമുണ്ടാവുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. എന്നാൽ ഊർജ്ജിതമായ തെരച്ചിൽ അഞ്ച് ദിവസം കഴിഞ്ഞിട്ടും വിജയ ലക്ഷ്മിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ശക്തമായ അടിയൊഴുക്ക് വിജയ ലക്ഷ്മിയെ മറ്റെവിടെയെങ്കിലും എത്തിച്ചോയെന്ന സംശയമാണ് കഴിഞ്ഞ ദിവസം അഗ്നിരക്ഷാ സേന മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തിൽ അധികൃതരുമായി വിവരങ്ങൾ തേടിയതായാണ് ക്വാലാലംപൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എക്സിൽ വിശദമാക്കിയത്. നടപ്പാത ഇടിഞ്ഞ് എട്ട് അടിയോളം ആഴത്തിലേക്കാണ് 48കാരി വീണ് പോയത്. ഭൂമി കുഴിഞ്ഞ് പോയതിന് തൊട്ടടുത്ത് നിന്നവർ ഇവരെ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
മകനും ഭർത്താവിനൊപ്പം സുഹൃത്തുക്കളെ കാണാനായി രണ്ട് മാസങ്ങൾക്ക് മുൻപാണ് വിജയലക്ഷ്മി മലേഷ്യയിൽ എത്തിയത്. മടക്കയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർക്കായുള്ള തെരച്ചിൽ പരിസര പ്രദേശത്തെ മാൻഹോളുകളിലേക്കും നീട്ടിയെങ്കിലും അഞ്ച് ദിവസത്തിന് ശേഷവും ഒരു സൂചനയും ലഭിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഈ മേഖലയിൽ സമാനമായ രീതിയിൽ കുഴിയുണ്ടായിരുന്നു. ഇത് പരിഹരിച്ചിരുന്നതായാണ് ക്വാലാലംപൂരിലെ പൊലീസ് മേധാവി വിശദമാക്കിയത്. നിലവിൽ ഈ പാത അടച്ച നിലയിലാണുള്ളത്. ജലാൻ മസ്ജിദിന് സമീപം അൻപത് മീറ്ററോളം മാറി സമാനമായ മറ്റൊരു കുഴി രൂപം കൊണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 28നാണ് ഈ കുഴി രൂപം കൊണ്ടതെന്നാണ് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭൂഗർഭജലം ഉപരിതലത്തിലെ പാറകളെ തള്ളിമാറ്റുന്നതിന് പിന്നാലെയാണ് ഭൂമിയുടെ ഉപരിതലത്തിൽ ഇത്തരം വലിയ കുഴികൾ ഉണ്ടാവുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ പ്രതിഭാസം സാധാരണമാണെങ്കിലും അപകടത്തിൽ ആളുകൾക്ക് പരിക്കുകൾ സംഭവിക്കുന്നത് വിരളമാണെന്നും വിദഗ്ധർ വിശദമാക്കുന്നത്. അടുത്ത കാലത്തുണ്ടായ വലിയ രീതിയിൽ ആൾനാശമുണ്ടായ സംഭവം കാനഡയിലെ മോണ്ട്രിയലിൽ 2010ൽ സംഭവിച്ചിരുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം