ലിറ്റിൽ ഇന്ത്യയിലെ കെട്ടിടത്തിൽ ഉഗ്ര ശബ്ദം, റെസ്റ്റോറന്‍റ് ഉൾപ്പെടെ തകർന്നു, ഗ്യാസ് പൊട്ടിത്തെറിയെന്ന് സംശയം

അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അഗ്നിശമന സേന പരിശോധന നടത്തി. നായകളെയും ഡ്രോണുകളെയും ഉപയോഗിച്ചായിരുന്നു തെരച്ചിൽ.

Indian Vegetarian Restaurant Building Collapses In Little India in Singapore Gas Explosion Suspected

സിംഗപ്പൂർ: സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യയിൽ ഇന്ത്യൻ റെസ്റ്റോറന്‍റ് ഉൾപ്പെടെ രണ്ട് കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സെയ്ദ് അൽവി റോഡിൽ മുസ്തഫ ഷോപ്പിങ് കോംപ്ലക്സിന് സമീപമാണ് സംഭവം. ആറ് പേർക്ക് പരിക്കേറ്റു. സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്സിന് വിവരം ലഭിച്ചതോടെ രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തി. 

84 സയ്യിദ് അൽവി റോഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ വെജിറ്റേറിയൻ റെസ്റ്റോറന്‍റായ പാകശാലയിലെ രണ്ടാം നിലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. നിർജ മെഗാ മാർട് ആണ് ഭാഗികമായി തകർന്ന രണ്ടാമത്തെ കെട്ടിടം. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാലു പേർക്ക് സ്ഥലത്തു തന്നെ വൈദ്യസഹായം നൽകി. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അഗ്നിശമന സേന പരിശോധന നടത്തി. നായകളെയും ഡ്രോണുകളെയും ഉപയോഗിച്ചായിരുന്നു തെരച്ചിൽ.

തകർന്ന കെട്ടിടത്തിൽ  നിന്ന് മൂന്ന് കടകൾക്കപ്പുറത്തുള്ള റോയൽ ഇന്ത്യ ഹോട്ടലിലെ 60 ഓളം പേരെ മുൻകരുതലിന്‍റെ ഭാഗമായി പുലർച്ചെ ഒരു മണിയോടെ ഒഴിപ്പിച്ചു. രാവിലെ 5 മണിക്ക് മാത്രമേ തിരികെ മുറികളിൽ പ്രവേശിക്കാൻ അനുവദിച്ചുള്ളൂ.  അപകടത്തിന് പിന്നാലെ സമീപത്തുള്ള അരിയാന ഹോട്ടൽ ചെക്ക്ഔട്ട് സമയം ഉച്ചയ്ക്ക് രണ്ട് മണി വരെ നീട്ടി.  അപകടത്തിന് പിന്നാലെ അതിഥികൾക്ക് വിശ്രമം നൽകാനായാണ്  സമയം നീട്ടി നൽകിയതെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു. 

കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കിയെങ്കിലും  കെട്ടിടങ്ങൾ തകരാനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വലിയ സ്ഫോടന ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗ്യാസ് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. സിംഗപ്പൂരിലെത്തുന്ന ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഷോപ്പിംഗ് കേന്ദ്രമാണ് ലിറ്റിൽ ഇന്ത്യ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios