പണമുണ്ടാക്കാൻ എളുപ്പവഴി നോക്കിയ യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി; വീഡിയോ പുറത്തായതോടെ ഞെട്ടി കുടുംബങ്ങൾ

പ്രമുഖ ഇന്ത്യൻ ഗ്രോസറി ഷോപ്പ് ഉടമയെ തന്നെയാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ പണി തിരിച്ചുകൊടുത്ത് ഉടമ ഇവരെ എല്ലാവരെയും കുടുക്കി.

Indian students in US took a strange way to earn money but got trapped by themselves

ഡാലസ്: അമേരിക്കയിൽ ഗ്രോസറി ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശങ്കയിലായി മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും ഞെട്ടിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ അധികൃതർ നിയമ നടപടികൾ സ്വീകരിച്ചതായും ഇവർ അറസ്റ്റിലായതായും റിപ്പോ‍ർട്ടുകളുമുണ്ട്.

തെലങ്കാനയിൽ നിന്നുള്ള ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഒരു ലക്ഷം ഡോളർ ആവശ്യപ്പെട്ട് തന്ത്രം മെനഞ്ഞത്. ഡാലസിലെ ഒരു പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റും ഇന്ത്യൻ ഗ്രോസറി സ്റ്റോറും നടത്തുന്ന തെലങ്കാന സ്വദേശിയെ തന്നെയാണ് ഇവർ ലക്ഷ്യമിട്ടതും. ഇന്നാൽ പദ്ധതിയെല്ലാം പൊളിച്ച് ഗ്രോസറി ഷോപ്പ് ഉടമ പുതുവർഷത്തലേന്ന് ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു.

ഗ്രോസറി ഷോപ്പിലെ ത്രാസിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ഉടമയെ സമീപിച്ചത്. ഇത് തെളിയിക്കുന്നതിനാവശ്യമായ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും ചോദിക്കുന്ന പണം തന്നില്ലെങ്കിൽ അത് ഒരു ടെലിവിഷൻ ചാനലിന് കൈമാറുകയും സോഷ്യൽ മീഡിയയിൽ അപ്ഡലോഡ് ചെയ്യുകയും ചെയ്യുമെന്നായിരുന്നു ഭീഷണി. എന്നാൽ ഗ്രോസറി ഷോപ്പ് ഉടമ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് വിദ്യാർത്ഥികളെ കുടുക്കാനുള്ള തന്ത്രം മെനഞ്ഞു. തെളിവുകളോടെ വിദ്യാർത്ഥികളെ പൊലീസിന് കൈമാറാനായിരുന്നു നീക്കം.

കാര്യങ്ങൾ ചർച്ച ചെയ്യാനെന്ന പേരിൽ ഗ്രോസറി ഷോപ്പ് ഉടമ വിദ്യാർത്ഥികളെ ഒരു റസ്റ്റോറന്റിലേക്ക് വിളിച്ചുവരുത്തി. ഇവർ അവിടെ എത്തിയപ്പോൾ കാര്യങ്ങൾ സംസാരിക്കുന്നത് വീഡിയോയിൽ പകർത്തി. പണം തന്നില്ലെങ്കിൽ കുടുക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നതുൾപ്പെടെ വീഡിയോയിൽ പകർത്തിയ ശേഷം അത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. ഇതോടെ നിയമ നടപടികൾക്കപ്പുറം സംഭവം ഇന്ത്യൻ സമൂഹത്തിൽ വലിയ ചർച്ചകൾക്കും വഴിതുറന്നു. ഇന്ത്യയിലുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും വീഡിയോ കണ്ട് ആശങ്കയിലായി. 

പഠനത്തിനായി യു.എസിലേക്ക് പോയ വിദ്യാർത്ഥികൾക്ക് അവിടെ കോഴ്സ് പൂർത്തിയാക്കിയിട്ടും നല്ല ജോലിയൊന്നും കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയായിരുന്നത്രെ. ദുഃഖകരമായ സംഭവമാണെങ്കിലും തനിക്ക് മറ്റ് വഴികളില്ലായിരുന്നുവെന്ന് വീഡിയോ പുറത്തുവിട്ട വ്യാപാരി പ്രതികരിച്ചു. വിദ്യാർത്ഥികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമെന്നതിനപ്പുറം തങ്ങളുടെ ജീവിതവും കരിയറും നശിപ്പിക്കുക കൂടിയായിരുന്നുവെന്നും കുടുംബാംഗങ്ങളെയും അമേരിക്കയിലെ തെലുഗു സമൂഹത്തെയും അവർ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios