പാലക്കാട് വേരുള്ള വിവേക് രാമസ്വാമി, അമേരിക്കയിൽ ഇന്ത്യാക്കാർക്ക് വെല്ലുവിളിയാകുന്ന ആ പ്രഖ്യാപനം നടത്തി! അറിയാം

ഐ ടി അടക്കമുള്ള സാങ്കേതിക മേഖലകളിലേക്ക് വൈദേശികരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച് വണ്‍ ബി

Indian Kerala origin Vivek Ramaswamy details American President Election 2024 latest news asd 

മറ്റൊരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ് അമേരിക്കയില്‍. വാദങ്ങളും പ്രതിവാദങ്ങളും അവകാശപ്രകടനങ്ങളുമൊക്കെയായി സജീവമാണ് തെരഞ്ഞെടുപ്പ് രംഗം. തെരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും സ്ഥാനാര്‍ത്ഥികളുടെ പല പരാമര്‍ശങ്ങളും വാര്‍ത്താകാറുണ്ട്. ഇത്തരത്തില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. വിചിത്രമെന്ന് തോന്നാവുന്ന ഒരു പരാമര്‍ശവുമായാണ് വിവേക് രാമസ്വാമി ഇക്കുറി രംഗത്തെത്തിയിരിക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കയിലെ നോണ്‍ ഇമിഗ്രേഷന്‍ വീസ പ്രോഗ്രാമായ എച്ച് വണ്‍ ബി നിര്‍ത്തലാക്കും എന്നാണ് വിവേക് പറയുന്നത്.

എച്ച് വണ്‍ ബി വിസ അടിമത്തമാണെന്നാണ് വിവേക് ഈ പരാമര്‍ശത്തിന് നല്‍കുന്ന വിശദീകരണം. ഈ പ്രസ്താവനയില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയില്‍ എച്ച് വണ്‍ ബി വിസയില്‍ ജോലിചെയ്യുന്നത് എന്നതാണ്. എച്ച് വണ്‍ ബി അവസാനിപ്പിച്ച് മെറിറ്റ് അടിസ്ഥാനത്തിലുള്ള പുതിയ വിസാ സമ്പ്രദായം കൊണ്ടുവരുമെന്നാണ് വിവേക് അവകാശപ്പെടുന്നത്.

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

ഇനി എന്താണ് എച്ച് വണ്‍ ബി വിസ എന്ന് നോക്കിയാല്‍, ഐ ടി അടക്കമുള്ള സാങ്കേതിക മേഖലകളിലേക്ക് വൈദേശികരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണിത്. ഈ നോണ്‍ ഇമിഗ്രന്റ് വിസാ രീതി പിന്തുടരുന്ന നിരവധി ജീവനക്കാരെയാണ് അമേരിക്കന്‍ കമ്പനികള്‍ റിക്രൂട്ട് ചെയ്യാറുള്ളത്. എച്ച് വണ്‍ ബി വിസയുള്ളവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നിയമവിധേയമായി അമേരിക്കയില്‍ വന്ന് താമസിക്കാന്‍ എച്ച് 4 വിസ അനുമതി നല്‍കുന്നുമുണ്ട്. ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന താല്‍ക്കാലിക വിസാ സംവിധാനമാണ് ഇത്. പ്രൊഫഷണല്‍ രംഗത്ത് അമേരിക്കന്‍ കമ്പനി ജോലി വാഗ്ദാനം ചെയ്തിട്ടുള്ള ആള്‍ക്ക് എച്ച് വണ്‍ ബി വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകന് ബിരുധ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. 1952 ലെ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിന്റെ ഭാഗമായ എച്ച് വണ്‍ വിസയെ പിന്‍പറ്റിയാണ് എച്ച് വണ്‍ ബി വിസാ പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടത്.

ഇങ്ങനെ എച്ച് ടു ബി, എല്‍ വണ്‍, ജെ വണ്‍ എന്നിങ്ങനെ പലവിധം വിസാ പ്രോഗ്രാമുകളുണ്ട് അമേരിക്കയില്‍. ഇത്തരത്തില്‍, പ്രതിവര്‍ഷം അമേരിക്ക 85,000 എച്ച് വണ്‍ ബി വിസയാണ് നല്‍കുന്നത്. ഇതില്‍ 65,000 റെഗുലര്‍ വിസകളും ഐ ടി, ഫിനാന്‍സ്, എഞ്ചിനീയറിങ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ മേഖലകളിലെ പ്രൊഫഷണലുകള്‍ക്കാണ് നല്‍കുന്നത്. ബാക്കി 20,000 വിസകള്‍ യു എസിലെ സര്‍വകലാശാലകളില്‍നിന്നും ബിരുദമോ അതിന് മുകളില്‍ ഉന്നത വിദ്യാഭ്യസമോ പൂര്‍ത്തിയായവര്‍ക്കായി മാറ്റിവെച്ചിട്ടുള്ളതുമാണ്. എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഈ ലിമിറ്റ് പുതുക്കാറുണ്ട്. എച്ച് വണ്‍ ബി വിസയില്‍ 70 ശതമാനവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ വിവേക് രാമസ്വാമിയുടെ ഈ പുറത്താക്കല്‍ പ്രസ്താവനയെ അമേരിക്കന്‍ ടെക് മേഖലയും ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇതില്‍ ഏറെ കൗതുകകരമായ ഒരു കാര്യം, ഈ പറയുന്ന വിവേക് രാമസ്വാമി 2018 മുതല്‍ ഈ വര്‍ഷം വരെ ഈ വിസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. വിവേകിന്റെ കമ്പനിയായിരുന്ന റോവന്റ് സയന്‍സസ് 29 തവണ എച്ച് വണ്‍ ബി വിസ പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ട്. 2021 ല്‍ വിവേക് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ ഫെബ്രുവരി വരെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നു.

നേരത്തെ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരം വിസകള്‍ നിര്‍ത്തിവെക്കുന്നതായി ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഭരണം ഏറെക്കുറെ അവസാനിക്കാറായ കാലത്തുണ്ടായ ഈ ഉത്തരവ് വലിയ വിവാദങ്ങളിലേക്കാണ് വഴിവെച്ചത്. തുടര്‍ന്ന് ജോ ബൈഡന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഇത്തരം വീണ്ടും നല്‍കാന്‍ അനുവദിക്കുകയായിരുന്നു. ഈ വിസകള്‍ റദ്ദാക്കുമെന്നാണ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ വിവേക് രാമസ്വാമി പറയുന്നത്.

ആരാണ് വിവേക് രാമസ്വാമി

പാലക്കാടുനിന്നും അമ്പത് വര്‍ഷം മുമ്പേ അമേരിക്കയിലേക്ക് കുടിയേറിയതാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കള്‍. അമേരിക്കയിലെ ഒഹായോയിലായിരുന്നു വിവേകിന്റെ ജനനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സസിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റിന്റെ സഹസ്ഥാപകനുമാണ് ഇദ്ദേഹം.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെക്കുറിച്ച് വിവേക് ആദ്യമായി മനസുതുറന്നത്. അമേരിക്ക സ്വത്വ പ്രതിസന്ധിയിലാണെന്നും സ്വത്വം തിരിച്ചുപിടിക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നുമായിരുന്നു ആ പ്രഖ്യാപനം. പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പ് കളം പിടിക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് വിവേക്. നിരവധി പുതിയ അടവുകളും തന്ത്രങ്ങളുമായാണ് വിവേക് ഗോഥയിലേക്കിറങ്ങിയത്. ആദ്യഘട്ടങ്ങളില്‍ ഏറെ പിന്നിലായിരുന്ന ഇദ്ദേഹം രണ്ടാം സ്ഥാനത്തുള്ള ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസുമായി നേരിട്ട് പോരാടുന്നതിലേക്ക് എത്തിയതിനെ അത്ഭുതത്തോടെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രംഗം നോക്കിയത്. മാധ്യമങ്ങള്‍ക്ക് തുടര്‍ച്ചയായി അഭിമുഖം നല്‍കി നിരന്തരം ലൈവായി നില്‍ക്കുക, സ്വന്തം പോഡ്കാസ്റ്റിലൂടെ പ്രചാരണ രംഗം കൊഴുപ്പിക്കുക, പോഡ്കാസ്റ്റിലേക്ക് മാധ്യമപ്രവര്‍ത്തകരെ അതിഥികളായി ക്ഷണിക്കുക, റിപബ്ലിക്കന്‍മാര്‍ കടക്ക് പുറത്തെന്ന് പറഞ്ഞ ചാനലുകളിലടക്കം എത്തുക, പൊതുവ റിപബ്ലിക്കന്‍ ആശയത്തോട് വിമുഖത കാണിക്കുന്നവരോടും സംസാരിക്കുക തുടങ്ങി അല്‍പമൊന്ന് വെറൈറ്റിയായിട്ടാണ് വിവേക് രാമസ്വാമിയുടെ പി ആര്‍ പരിപാടികള്‍. അത് അദ്ദേഹത്തിന് ഗുണകരമായെന്ന് തന്നെയാണ് മാധ്യമങ്ങളില്‍ നിരന്തര സാന്നിധ്യമാവുന്നതില്‍നിന്നും വ്യക്തമാവുന്നതും. അമേരിക്കയുടെ ആത്മാവിനെ തിരികെ പിടിക്കാനാണ് മത്സരിക്കുന്നത് എന്നാണ് വിവേക് രാമസ്വാമി പലഘട്ടങ്ങളിലാണ് അവകാശപ്പെട്ടിട്ടുള്ളത്. നിരവധി വിവാദ പരാമര്‍ശങ്ങളും പ്രതികരണങ്ങളും വിവേകിന്റെ വകയായി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു. എല്‍ജിബിടിക്യു വിരുദ്ധ പരാമര്‍ശങ്ങള്‍, എഫ്ബിഐ പോലുള്ള ഫെഡറല്‍ സംവിധാനങ്ങളിലെ പിരിച്ചുവിടല്‍ പരാമര്‍ശങ്ങള്‍, അമേരിക്കയിലെ വര്‍ഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളവരില്‍ ഇലോണ്‍ മസ്‌കിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികൂടിയാണ് വിവേക് രാമസ്വാമി. തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ മസ്‌കിനെ ഉപദേശകാനാക്കുമെന്നുപോലും ഒരുഘട്ടത്തില്‍ വിവേക് പറഞ്ഞിരുന്നു. എക്‌സിന്റെ നടത്തിപ്പ് മാതൃകാപരമാണെന്നും ട്വിറ്ററിന്റെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട നടപടി അഭിനന്ദാര്‍ഹമാണെന്നും വിവേക് പറഞ്ഞിരുന്നു. ഈ മികവാണ് ഭരണത്തില്‍ തനിക്കാവശ്യമെന്നും സര്‍ക്കാരുണ്ടാക്കി കഴിഞ്ഞാല്‍ ഇമ്മിണി വലിയ എക്‌സ് താന്‍ കൊണ്ടുവരുമെന്നുമാണ് വിവേക് തുടര്‍ന്നങ്ങോട്ട് പറഞ്ഞുവച്ചത്.

2024 നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്. ജനുവരിയിലെ പാര്‍ട്ടി പ്രൈമറി വോട്ടെടുപ്പില്‍ ജയിക്കുന്നയാളാകും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യു എന്നിലെ അമേരിക്കന്‍ അംബാസിഡറായിരുന്ന ഇന്ത്യന്‍ വംശജയായ നിക്കി ഹേലി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരാണ് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവേകിന് മുന്നില്‍ വെല്ലുവിളിയായിട്ടുള്ളത്. ട്രംപാണ് മത്സരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും തയ്യാറാണെന്ന് വിവേക് നേരത്തെ അറിയിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ക്രിമിനല്‍ കേസുകളില്‍ ട്രംപിന് മാപ്പ് നല്‍കും എന്നുമുണ്ടായിരുന്നു പ്രഖ്യാപനം. വിവേക് രാമസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വ താല്‍പര്യങ്ങളോട് ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ വോട്ടര്‍മാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് അനുകൂലികള്‍ ഏറെയുള്ള ഈ വോട്ടര്‍മാരില്‍ അനുകൂല തരംഗമുണ്ടാക്കാന്‍ വിവേക് രാമസ്വാമിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios