'നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം'; ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ
ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു.
ദില്ലി: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. മേഖലയുടെ സുരക്ഷയേയും സമാധാനത്തെയും ബാധിക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം ഒഴിവാക്കി നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം. ഇന്ത്യക്കാരുമായി എംബസികൾ സമ്പർക്കത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനും ഇസ്രയേലിനും ഇടയിൽ യുദ്ധം ആസന്നമാണ് എന്ന പ്രതീതി ഇപ്പോഴും നിലനിൽക്കുകയാണ്.
അതിനിടെ ഇന്നലെ ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തു. അതിന് പിന്നാലെ, ഇസ്രായേലിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ചുരുക്കത്തിൽ മധ്യപൂർവേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. യുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രായേലിനു നേർക്കുണ്ടാകുന്ന ഏതൊരു പ്രകോപനവും അവസാനിക്കുക തുറന്ന പോരിലേക്കാവും. അങ്ങനെ ഒന്നുണ്ടായാൽ, ഇറാന്റെ അയൽരാജ്യങ്ങളും അമേരിക്കയടക്കമുള്ള ലോകശക്തികളും, അതിൽ പക്ഷം ചേരാനും, മധ്യപൂർവേഷ്യ കുറേക്കൂടി വലിയൊരു യുദ്ധത്തിലേക്ക് വഴുതി വീഴാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ, ഇറാൻ നടത്തുന്ന പ്രോക്സി യുദ്ധങ്ങൾ മുതൽ അമേരിക്കയ്ക്ക് മധ്യപൂർവേഷ്യയിലുള്ള സാമ്പത്തിക രാഷ്ട്രീയ താത്പര്യങ്ങൾ വരെ നീളുന്നതാണ് എന്നതുകൊണ്ട്, മേഖലയിൽ സമാധാനം പുലരാൻ ആത്മാർത്ഥമായ നയതന്ത്ര പരിശ്രമങ്ങൾ തന്നെ വേണ്ടി വന്നേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...