മുജീബുർ റഹ്മാന്റെ വസതിക്ക് നേരെ ആക്രമണം: അപലപിച്ച് ഇന്ത്യ, ഹസീനയെ നിയന്ത്രിക്കണമെന്ന് ബംഗ്ലാദേശ്
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന പ്രസ്താവനകളിൽ ബംഗ്ലാദേശ് കടുത്ത അതൃപ്തി അറിയിച്ചു.
![India condemns demolition of Sheikh Mujibur Rahman's home India condemns demolition of Sheikh Mujibur Rahman's home](https://static-gi.asianetnews.com/images/01jkd4b1rbzf84kn9e1yvkma8c/gettyimages-2197281394-594x594-1738828777227_363x203xt.jpg)
ദില്ലി: ബംഗ്ലാദേദേശിനും ഇന്ത്യക്കുമിടയിൽ വീണ്ടും തർക്കം മുറുകുന്നു. ബംഗ്ലാദേശ് വിമോചന നായകൻ ഷെയ്ഖ് മുജീബുർ റഹ്മാൻറെ വസതി അക്രമികൾ തകർത്തതിനെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ബംഗ്ലാദേശ് സ്വാതന്ത്യസമരത്തിൻറെയും ചെറുത്തു നിൽപ്പിന്റെയും പ്രതീകമായിരുന്നു വസതിയെന്ന് ഇന്ത്യ പറഞ്ഞു. ബംഗ്ലാദേശിന്റെ ദേശീയ ബോധത്തിന്റെയും ചരിത്രത്തിന്റെയും പ്രധാന ഭാഗമാണ് ഇല്ലാതാക്കിയതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
പിന്നാലെ ബംഗ്ലാദേശും രംഗത്തെത്തി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തുന്ന പ്രസ്താവനകളിൽ ബംഗ്ലാദേശ് കടുത്ത അതൃപ്തി അറിയിച്ചു. ഇന്ത്യയിലിരുന്ന് നടത്തുന്ന പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യക്ക് കത്തു നൽകി.
kകഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തത്സമയ ഓൺലൈൻ പ്രസംഗത്തിനിടെ പ്രതിഷേധക്കാർ ബംഗ്ലാദേശ് രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതി തീയിട്ട് നശിപ്പിച്ചു. ഹസീന പ്രസംഗിക്കുമ്പോൾ ബുൾഡോസർ ഘോഷയാത്ര നടത്തണമെന്ന സോഷ്യൽ മീഡിയ ആഹ്വാനത്തെത്തുടർന്ന്, തലസ്ഥാനത്തെ ധൻമോണ്ടി പ്രദേശത്തെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മുജീബുർ റഹ്മാന്റെ വസതി നേരത്തെ മ്യൂസിയമാക്കി മാറ്റിയിരുന്നു.
അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പ്രസംഗത്തിലാണ് ഹസീന, നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തത്.