'അതിർത്തി തർക്കം നല്ല ബന്ധത്തിന് തടസം', ഇന്ത്യ-ചൈന ചർച്ച വീണ്ടും തുടങ്ങാൻ ധാരണ
കസാക്കിസ്ഥാനിലെ അസ്താനയിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ആണ് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്.
ഷാങ്ഹായി: അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതിർത്തിയിലെ തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സാധാരണനിലയിലാകുന്നതിന് തടസ്സമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും വിലയിരുത്തി.
കസാക്കിസ്ഥാനിലെ അസ്താനയിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ആണ് ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നടന്നത്. കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാക തീരത്ത് നിന്നുള്ള സേന പിൻമാറ്റത്തിന് നേരത്തെ രണ്ടു രാജ്യങ്ങളും തയ്യാറായിരുന്നു. ഗോഗ്ര മേഖലയിലെ പിൻമാറ്റവും പൂർത്തിയായി. ഡെപ്സാങ്, ഡെമ്ചോക് തുടങ്ങിയ മേഖലകളിലെ പിൻമാറ്റം ചൈനയുടെ നിലപാട് കാരണം വൈകുകയാണ്. ഇത് എത്രയും പെട്ടെന്ന് സാധ്യമാക്കണമെന്ന് ചർച്ചയിൽ എസ് ജയശങ്കർ നിർദ്ദേശിച്ചു. അതിർത്തി തർക്കം പരിഹരിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ നേതൃത്വത്തിലുള്ള സംവിധാനങ്ങളുടെ സംയുക്ത യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്യാനാണ് ധാരണ. അതിർത്തി അശാന്തമായി തുടരുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിന് തടസ്സമെന്ന് രണ്ടു മന്ത്രിമാരും സമ്മതിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുന്നത്.
അതിനിടെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.
പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം