Asianet News MalayalamAsianet News Malayalam

ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ; ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു.  ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവ്.

India Canada row Canadian Prime Minister Justin Trudeau says have strong evidence against India
Author
First Published Oct 15, 2024, 6:17 AM IST | Last Updated Oct 15, 2024, 6:17 AM IST

ദില്ലി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിവരിച്ചു. കാനഡയുടെ പ്രതിപക്ഷ നേതാവും ഇന്ത്യക്കെതിരെ രം​ഗത്തെത്തി. ആരോപണങ്ങൾ വളരെ വലുതും, ഗൗരവമായി എടുക്കേണ്ടതുമാണെന്ന് പിയെർ പോളിയേവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണം. 9 വർഷമായി ജനങ്ങളെ സംരക്ഷിക്കുന്നതിൽ ട്രൂഡോ  സർക്കാർ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും പിയെർ പോളിയേവ് കുറ്റപ്പെടുത്തി.

കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽപ്പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിച്ച് തിരിച്ചടിക്കാനാണ് നീക്കം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത.

Latest Videos
Follow Us:
Download App:
  • android
  • ios