ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജി രംഗത്തെ ഇന്ത്യ യുഎസ് പങ്കാളിത്തം; നയതന്ത്ര ബന്ധത്തില്‍ സുപ്രധാനം
2022 മെയ് മാസത്തില്‍ ടോക്കിയോയില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിലെ നിര്‍ദ്ദേശാനുസരണമാണ് മേഖലയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം
ദില്ലി: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം നാഴിക കല്ലാവുമെന്ന് വൈറ്റ് ഹൌസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൊവ്വാഴ്ച iCET സംബന്ധിയായ കൂടിക്കാഴ്ച നടത്തി. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജനാധിപത്യ മൂല്യങ്ങള്‍ ബലപ്പെടുത്തുന്ന സഹകരണത്തിലൂടെ സാങ്കേതികവിദ്യാ മേഖലയില്‍ തുറന്നതും സുരക്ഷിതവുമായ എക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സാധിക്കാനാവുമെന്നാണ് ഇന്ത്യ യുഎസ് പങ്കാളിത്തത്തെ വൈറ്റ് ഹൌസ് നിരീക്ഷിക്കുന്നത്.
2022 മെയ് മാസത്തില്‍ ടോക്കിയോയില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിലെ നിര്‍ദ്ദേശാനുസരണമാണ് മേഖലയിലെ ഇന്ത്യ യുഎസ് പങ്കാളിത്തം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യ മേഖലയിലെ പങ്കാളിത്തവും വ്യവസായ മേഖലയിലെ സഹകരണവും ഉറപ്പു നല്‍കുന്നതാണ് ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ യു എസ് ധാരണ. സാങ്കേതിക മേഖലയിലെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സഹകരണത്തേക്കുറിച്ച് ഇരു രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച ചെയ്തു.
എക്സ്പോകള്‍, ഹാക്കത്തോണ്‍, പിച്ച് ഇവന്‍റ്സ് എന്നിവയിലൂടെ കണ്ടെത്തലുകളുടെ പുതിയ ബന്ധം സാങ്കേതികവിദ്യാ മേഖലയില്‍ സൃഷ്ടിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ബയോ ടെക്നോളജി മേഖലയിലും ഭൗമ നിരീക്ഷണ സാങ്കേതിക വിദ്യയിലും സങ്കീര്‍ണ വസ്തുക്കള്‍ തുടങ്ങിയ രംഗത്തും ഭാവിയില്‍ സഹകരണം ഉറപ്പാകുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൌസ് പ്രതികരിക്കുന്നത്. അമേരിക്കയിലെ ഉന്നത ഗവേഷക രംഗത്തും ക്വാണ്ടം വ്യവസായ രംഗത്തുമുള്ള പങ്കെടുക്കുന്നവരുമായി ആശയവിനിമയം കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതാണ് ധാരണ അനുസരിച്ചുള്ള ആദ്യ പടി.
ഇത് ഇരു രാജ്യങ്ങളിലേയും സാങ്കേതിക വിദ്യ വികസനത്തിന് സഹായിക്കുമെന്നാണ് നിരീക്ഷണം. വ്യാവസായിക ചാന്ദ്ര ദൗത്യത്തില്‍ നാസയുടെ സഹകരണം വരെ ഇത്തരത്തില്‍ ഇന്ത്യക്ക് ലഭ്യമാകുന്ന രീതിയിലാണ് സാങ്കേതിക വിദ്യാമേഖലയിലെ സഹകരണം. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജിയിലെ ഇന്ത്യ-യുഎസ് പങ്കാളിത്തം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിച്ചു.