ഇസ്രയേലിന് ഐസിജെയുടെ കര്‍ശന നിര്‍ദേശം: 'ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
ഹേഗ്: ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. ഗാസയിലെ ജനങ്ങള്‍ മോശമായ ജീവിത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. പട്ടിണിയും പടരുകയാണ്. വംശഹത്യ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഇസ്രയേലിനോട് കര്‍ശന നിര്‍ദേശം നല്‍കി.