ജോലി അടക്കം മോഹിപ്പിക്കുന്ന വാഗ്ദാനം, ഫിലിപ്പീൻസിലെത്തിയപ്പോൾ സീൻ മാറി, റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കും...
ജോലി അടക്കമുള്ള മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് എത്തിയവരുടെ പാസ്പോർട്ട് അടക്കമുള്ളവ പിടിച്ച് വച്ച ശേഷം ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഷോക്കടിപ്പിച്ചും ഓൺലൈൻ ചൂതാട്ടത്തിലേക്ക് പുതിയ ആളുകളെ കുരുക്കിക്കുന്നതായിരുന്നു നടത്തിപ്പുകാരുടെ രീതി
മനില: മനുഷ്യക്കടത്ത് സംഘങ്ങളിലൂടെ ഫിലിപ്പീൻസിലെത്തി ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായ നൂറ് കണക്കിന് ആളുകൾക്ക് ഒടുവിൽ രക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. മനിലയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബാംബനിലായിരുന്നു മനുഷ്യക്കടത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തിച്ചവരെ പാർപ്പിച്ച് ഇവരെ ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പ് നടത്തിയിരുന്നു. തോക്കുകൾ അടക്കമുള്ള ആയുധങ്ങളും കേന്ദ്രത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. എട്ട് പേരെയാണ് വ്യാഴാഴ്ച നടന്ന റെയ്ഡിൽ പൊലീസ് പിടികൂടിയത്.
ഫിലിപ്പീൻസ് സ്വദേശികളായ 383 പേരും 202 ചൈനീസ് പൌരന്മാരും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നായി 73 പേരെയുമായിരുന്നു അടിസ്ഥാന സൌകര്യം പോലുമില്ലാത്ത ഈ ചൂതാട്ട കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്നത്. യുവാക്കളും ടെക് മേഖലയിൽ പ്രവർത്തിച്ചിരുന്നവരുമാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവരിൽ ഏറിയ പങ്കും. ക്രിപ്റ്റോ കറൻസി സംബന്ധിച്ച തട്ടിപ്പുകളും പണം ഇരട്ടിപ്പ് തട്ടിപ്പുകളുമാണ് ഇവിടെ നടന്നതിൽ ഏറിയ പങ്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചൂതാട്ട കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് വിയറ്റ്നാം സ്വദേശിയിൽ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയായിരുന്നു ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.
തട്ടിപ്പിലൂടെ ചൂതാട്ട കേന്ദ്രത്തിലെത്തിച്ച ആളുകളുടെ പാസ്പോർട്ടും മറ്റ് രേഖകളും പിടിച്ച് വച്ച ശേഷം ഭീഷണിപ്പെടുത്തിയും മർദ്ദിച്ചുമായിരുന്നു കേന്ദ്രം പിന്നീട് തട്ടിപ്പ് നടത്തിയിരുന്നത്. 25 ഏക്കർ സ്ഥലത്തായിരുന്നു ഓൺലൈൻ ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജോലി തട്ടിപ്പുകളിൽ വിശ്വസിച്ച് ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് ഇവിടെയെത്തിയ ആളുകളെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഷോക്കടിപ്പിച്ചും ഓൺലൈൻ ചൂതാട്ടം നടത്തുന്ന വൻ സംഘങ്ങളിലെ ആളുകളാണ് പിടിയിലായവർ. ചൈനാ സ്വദേശികളാണ് ഇവരുടെ തട്ടിപ്പിന് വിധേയരായവരിൽ ഏറിയ പങ്കുമെന്നാണ് വിവരം. മൂന്ന് ഷോട്ട് ഗണ്ണുകൾ, 9 എംഎം പിസ്റ്റളുകൾ, രണ്ട് റിവോൾവറുകൾ, സ്ഫോടക വസ്തുക്കൾ, തിരകൾ എന്നിവയും ചൂതാട്ട കേന്ദ്രത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം