വീട് വിട്ട് ജീവന് വേണ്ടി അഭയം തേടിയ ആശുപത്രി, എന്ത് ചെയ്യുമെന്നറിയാതെ 4000ത്തോളം അഭയാർത്ഥികൾ, കണ്ണീരോടെ ലോകം
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചിരുന്നു. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബ് ആക്രമണത്തിന്‍റെ ഞെട്ടലില്‍ ലോകം. മധ്യ ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിയിലാണ് അർധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതായും നിരവധിപേർ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായുമാണ് ഗാസ അറിയിച്ചത്. സംഘര്‍ഷം തുടരുന്നതിനാല്‍ വീട് വിട്ട ആയിരങ്ങളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
ചുരുങ്ങിയത് 4000 അഭയാർത്ഥികൾ എങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട ഡോക്ടർ ബിബിസിയോട് പ്രതികരിച്ചിരുന്നു. ആശുപത്രി ഏതാണ്ട് പൂർണ്ണമായി തകർന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വീട് വിട്ട ആയിരങ്ങൾ സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ആശുപത്രിയിലായിരുന്നു ആക്രമണം ഉണ്ടായത്. അതേസമയം, 500ലലേറെ പേര്‍ കൊല്ലപ്പെട്ട ബോംബ് ആക്രമണത്തില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴി ചാരുകയാണ്.
ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ് എന്നാണ് കുറിപ്പില്‍ പറഞ്ഞത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ആശുപത്രി തകർന്നതെന്ന് ഹമാസും ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റിയാണ് സ്ഫോടനമുണ്ടായതെന്ന് ഇസ്രായേലും ആരോപിച്ചു. ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും ബോംബ് ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇസ്ലാമിക് ജിഹാദികൾ ഇസ്രയേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്നാണ് ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചത്. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗാസയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.