കാനഡയിൽ ഇന്ത്യക്കാരനെ വാടക വീട്ടിൽ നിന്ന് ഇറക്കി വിടുന്ന വീട്ടുടമ; പുറത്തുവന്ന വീഡിയോയെച്ചൊല്ലി വിവാദം
സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾക്കാണ് വീഡിയോ വഴിവെച്ചത്. പലരും പല അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നു.
ടൊറണ്ടോ: കനഡയിലെ വാടക വീട്ടിൽ നിന്ന് ഇന്ത്യക്കാരനെ ഇറക്കിവിടുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വാടകക്കാരും വീട്ടുടമകളും തമ്മിലുള്ള ബന്ധം മുതൽ കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരിൽ പലരുടെയും അവസ്ഥ വരെയുള്ള ചൂടുപിടിച്ച ചർച്ചകളാണ് വീഡിയോയ്ക്ക് ചുവടെ പുരോഗമിക്കുന്നത്. ഇന്ത്യക്കാരന്റെ സാധനങ്ങളെല്ലാം വീട്ടിൽ നിന്ന് എടുത്ത് പുറത്തുവെയ്ക്കുന്നതും നിസ്സഹായനായി അദ്ദേഹം നോക്കി നിൽക്കുന്നതുമാണ് ആകെ 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിലുള്ളത്.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ഇന്ത്യക്കാരൻ ഒഴിയാൻ തയ്യാറാവാത്തത് കാരണം വീട്ടുടമയുമായി വഴക്കുണ്ടായെന്നും അതിനൊടുവിൽ ഉടമ വീട്ടിലെത്തി വാടകക്കാരന്റെ എല്ലാ സാധനങ്ങളും എടുത്ത് പുറത്തു കൊണ്ടു വെയ്ക്കുന്നു എന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്ത ഒരു അക്കൗണ്ടിൽ അതിന്റെ വിശദീകരണമായി നൽകിയിരിക്കുന്നത്. കാനഡയിലെ ബ്രാംപ്ടണിൽ നടന്ന സംഭവമാണിതെന്നും പറയുന്നു. നിസ്സഹായനായി നോക്കി നിൽക്കുന്ന ഇന്ത്യക്കാരൻ വീട്ടുടമയോടും ഒപ്പമുള്ളവരോടും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
പലതരത്തിലാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ചിലർ വെറും തമാശയായി മാത്രം കാണുമ്പോൾ മറ്റ് ചിലർ നാടിന്റെ 'പേര്' കളയുന്ന നടപടിയായിട്ടാണ് കണക്കാക്കുന്നത്. രണ്ട് കൂട്ടരുടെയും ഭാഗം ന്യായീകരിക്കുന്നവരുമുണ്ട്. ഇന്ത്യക്കാരെ പറയിപ്പിക്കരുതെന്നും ഓരോ നാട്ടിലും അവിടുത്തെ നിയമങ്ങൾ പാലിച്ച് ജീവിക്കണമെന്നുമാണ് പലരുടെയും അഭിപ്രായം. ഇത് ഇന്ത്യയല്ലെന്ന് ഓർക്കണമെന്ന ഉപദേശങ്ങളുമുണ്ട്.
ചിലരുടെ ഇത്തരം പ്രവൃത്തികൾ കാരണം വിദേശത്ത് ഇന്ത്യക്കാരെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാവുമെന്നും പിന്നീട് വാടക വീട് പോലും ആരും തരാത്ത അവസ്ഥയുണ്ടാവുമെന്നും അഭിപ്രായങ്ങളുണ്ട്. ഇന്ത്യയിൽ പല സ്ഥലങ്ങളിലും വീട്ടുടമ ആവശ്യപ്പെട്ടാലും വാടക വീട് ഒഴിയാതെയും പലപ്പോഴും പണം പോലും നൽകാതെയും വർഷങ്ങളോടും താമസിക്കുന്നതു പോലെ ശ്രമിച്ചു നോക്കിയതാവാമെന്ന് കമന്റുകളിലൂടെ പരിഹസിക്കുമ്പോൾ, അയാൾ വീട് ഒഴിയാതിരിക്കാൻ ഒരു കാരണമുണ്ടാകുമെന്ന് പറഞ്ഞ് മറുഭാഗം ചിന്തിക്കുന്നവരുമുണ്ട്. വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിലും വ്യക്തതയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം