ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ അക്രമണ സംഭവം, ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ
ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിർ പൂജാരിക്ക് സസ്പെൻഷൻ. ഞായറാഴ്ചത്തെ സംഭവത്തിലെ വിവാദപരമായ ഇടപെടലിനേ തുടർന്നാണ് നടപടിയെന്നാണ് ക്ഷേത്ര അധികാരികൾ വിശദമാക്കുന്നത്
ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം നടന്ന സംഭവത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ നടപടി. അക്രമത്തിന് പ്രകോപനമുണ്ടാകുന്ന രീതിയിൽ സംസാരിച്ചതിന്റെ പേരിലാണ് നടപടി. നവംബർ 3നാണ് ക്ഷേത്രത്തിനെതിരായ അതിക്രമ വീഡിയോകൾ പ്രചരിച്ചത്. ബുധനാഴ്ചയാണ് ഹിന്ദു സഭാ മന്ദിർ പൂജാരിയുടെ സസ്പെൻഡ് ചെയ്ത വിവരം വിശദമാക്കുന്നത്.
ഞായറാഴ്ചത്തെ സംഭവത്തിലെ വിവാദപരമായ ഇടപെടലിനേ തുടർന്നാണ് നടപടിയെന്നാണ് ഹിന്ദു സഭാ മന്ദിർ വിശദമാക്കുന്നത്. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദമാക്കിയിട്ടില്ലെന്നാണ് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗത്തിലുള്ളവരും സിഖ് വിഭാഗത്തിലുള്ളവരും ഐക്യത്തോടെ കഴിയുന്ന മേഖലയാണ് ഇവിടമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൌൺ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തിൽ കാനഡയിലെ മന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും അവരുടെ മതാചാരങ്ങൾക്ക് അവകാശമുണ്ടെന്ന് അനിത ആനന്ദ് പ്രതികരിച്ചത്.
നേരത്തെ ഖലിസ്ഥാൻ സംഘടനയുടെ പ്രകടനത്തിൽ കനേഡിയൻ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഈ പൊലീസുകാരനെ സസ്പെൻഡ് ചെയ്തതായി കാനഡ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം