Asianet News MalayalamAsianet News Malayalam

സുരക്ഷാ സംവിധാനങ്ങൾ പാളുന്നു? ഇസ്രായേലിന്റെ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹിസ്ബുല്ല

ടെൽ അവീവിലെ ഇസ്രായേലിന്റെ ഒരു നിർണായക പ്രതിരോധ കേന്ദ്രമാണ് ഹാഫിയ-കാർമൽ തുറമുഖം.

Hezbollah releases drone footage of Israeli military bases
Author
First Published Oct 11, 2024, 10:35 AM IST | Last Updated Oct 11, 2024, 10:38 AM IST

ടെൽ അവീവ്: ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തി ഹിസ്ബുല്ല. ഇസ്രായേൽ സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ഹിസ്ബുല്ല പുറത്തുവിട്ടു. ഹൈഫ-കാർമൽ പ്രദേശത്തെ ഇസ്രായേലി സൈനിക താവളങ്ങൾ, സൈനിക ആസ്ഥാനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലിൻ്റെ അയൺ ഡോം, ഡേവിഡ് സ്‌ലിംഗ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാവൽ നിന്നിട്ടും ഹിസ്ബുല്ലയുടെ ഡ്രോണിനെ തടയാൻ ഇസ്രായേലിന് കഴിഞ്ഞില്ല. ഇത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഹിസ്ബുല്ലയുടെ 'ഹൂപ്പോ ഡ്രോൺ' ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. 

ടെൽ അവീവിലെ ഒരു നിർണായക പ്രതിരോധ കേന്ദ്രമാണ് ഹൈഫ-കാർമൽ തുറമുഖം. കിര്യത് ഷമോന ഇൻഡസ്ട്രിയൽ സോൺ, ഹൈഫ ഓയിൽ റിഫൈനറി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഡ്രോൺ പകർത്തിയ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ മുതൽ കാർമൽ പർവതത്തിൻ്റെ വടക്കൻ ചരിവ് വരെ നീളുന്ന പ്രദേശത്ത് നിർമ്മിച്ച ഒരു വടക്കൻ ഇസ്രായേലി തുറമുഖ നഗരമാണ് ഹൈഫ. 1948-ൽ ഇസ്രായേൽ എന്ന രാജ്യം നിലവിൽ വന്നതിന് ശേഷം ഹൈഫ ഇസ്രായേലിലേക്കുള്ള ജൂത കുടിയേറ്റത്തിനുള്ള കവാടമായി മാറിയിരുന്നു. 

അതേസമയം, അടുത്തിടെ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ലയും അദ്ദേഹത്തിൻ്റെ മിക്ക കമാൻഡർമാരും കൊല്ലപ്പെട്ടതിന് പിന്നാലെ ലെബനനിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. 2006ന് ശേഷം ഇതാദ്യമായാണ് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ കരയുദ്ധത്തിൽ ഏർപ്പെടുന്നത്. ഇതിനിടെ, കഴിഞ്ഞയാഴ്ച ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിനിടെ പുതിയ ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീനെ ഇസ്രായേൽ വധിച്ചതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

ഹമാസിനോടും ഹിസ്ബുല്ലയോടും ഏറ്റുമുട്ടുന്ന ഇസ്രായേലിനെതിരെ ഇറാൻ പരസ്യമായി പോർമുഖത്ത് ഇറങ്ങിയിരുന്നു. ഇസ്രായേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്താണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. അടുത്തിടെ ഇറാനിലുണ്ടായ ഭൂകമ്പം ആണവ ബോംബ് പരീക്ഷിച്ചതാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. 

READ MORE: 'മോദി നല്ല മനുഷ്യൻ, പക്ഷേ, ചില സമയങ്ങളിൽ...'; ഇന്ത്യ ഭീഷണി നേരിട്ടപ്പോൾ മോദി പറഞ്ഞത് വെളിപ്പെടുത്തി ട്രംപ്

Latest Videos
Follow Us:
Download App:
  • android
  • ios