കരയുദ്ധത്തിൽ 70-ലധികം ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല; നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നു
ലെബനനിലെ അതിർത്തി ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
ടെഹ്റാൻ: കരയുദ്ധത്തിൽ ഇസ്രായേലിന്റെ 70-ലധികം സൈനികരെ വധിച്ചെന്ന് ഹിസ്ബുല്ല. ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന കരയുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ട് ഹിസ്ബുല്ല പുറത്തുവിട്ടു. ഈ ഏറ്റുമുട്ടലുകളിൽ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഹിസ്ബുല്ലയുടെ ഓപ്പറേഷൻ റൂം അറിയിച്ചു. സൈനികരെ വധിച്ചതിന് പുറമെ ഇസ്രായേലിന്റെ സൈനിക ഉപകരണങ്ങളും വലിയ രീതിയിൽ നശിപ്പിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.
ഇന്ന് തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമത്തിൽ ഇസ്രായേൽ സൈനികരുമായി കനത്ത ഏറ്റുമുട്ടൽ നടന്നതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഹിസ്ബുല്ലയുടെ പോരാളികൾ ഐത അൽ-ഷാബ് ഗ്രാമത്തിൽ ഇസ്രായേലുമായി കനത്ത ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സൈനികരെ സഹായിക്കാൻ എത്തിയ ഒരു മെർക്കാവ ടാങ്ക് നശിപ്പിച്ചെന്നും നേരത്തെ മറ്റൊരു ടാങ്ക് നശിപ്പിച്ചിരുന്നുവെന്നും ഹിസ്ബുല്ല അറിയിച്ചു.
അതേസമയം, ഹസൻ നസ്റല്ലയ്ക്ക് ശേഷം സംഘടനയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ അടുത്ത നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഹാഷിം സെയ്ഫുദ്ദീൻ. നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനൊപ്പം ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച് വരികയായിരുന്നു സെയ്ഫുദ്ദീൻ.