ടെൽ അവീവിൽ ഹിസ്ബുല്ലയുടെ ആക്രമണം? പടുകൂറ്റൻ മാളിന് സമീപം റോക്കറ്റ് പതിച്ചതായി റിപ്പോർട്ട്
വളരെ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തെ മാളിന് സമീപത്താണ് റോക്കറ്റ് പതിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ടെൽ അവീവ്: ഇസ്രായേലിലെ പ്രധാന നഗരമായ ടെൽ അവീവിന് നേരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതായി റിപ്പോർട്ട്. ടെൽ അവീവിലെ ഒരു പടുകൂറ്റൻ മാളിന് സമീപത്ത് റോക്കറ്റ് പതിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വളരെ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തെ മാളിന് സമീപത്താണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. മാളിന് സമീപത്ത് നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇസ്രായേലിന്റെ മിസൈൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം തടുക്കാനായില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രായേൽ തകർത്തതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. പാർച്ചിനിൽ പ്രവർത്തിച്ചിരുന്ന ആണവ പരീക്ഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായതെന്ന് അമേരിക്കൻ, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ ആക്‌സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേലിന്റെ ആക്രമണത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായതെന്നും ആണവായുധ ഗവേഷണ പരിപാടികൾ പുനരാരംഭിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഒക്ടോബർ 26ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് രഹസ്യ ഇറാനിയൻ ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കപ്പെട്ടതായി പറയുന്നത്. ആക്രമണത്തിൽ പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കൾ രൂപകൽപ്പന ചെയ്യാൻ ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു.