'ഞാൻ അവിടെ കണ്ടത് മുമ്പെങ്ങും കാണാത്ത സാഹചര്യം, അന്തരീക്ഷം', യുഎസ് തെരഞ്ഞെടുപ്പ് ചൂട് വിവരിച്ച് വീണ ജോര്‍ജ്

'എഫ്എം റേഡിയോകളില്‍ പരസ്പര വിമര്‍ശനങ്ങളോടെയുള്ള പരസ്യങ്ങള്‍, അതും ഇടതടവില്ലാതെ! പരമ്പരാഗത റിപ്പബ്ലിക്കാന്‍ സ്റ്റേറ്റുകളിലും ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലും വീടുകളില്‍ തിരഞ്ഞെടുപ്പ് ലഘുലേഖകളും നോട്ടീസുകളും എത്തിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു'

Health Minister Veena George shared the details of the election campaign in United States Election latest

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് തുടരുകയാണ്. കമലയോ ട്രംപോ എന്ന വലിയ ചോദ്യത്തിന് നാളെ മുതൽ സൂചനകൾ അറിഞ്ഞു തുടങ്ങും. സര്‍വേകളിൽ പോലും ആരെന്ന ഉത്തരം പറയാത്ത തരത്തിലാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ. ഈ ചൂട് നേരിട്ടറിഞ്ഞ അനുഭവം പറയുകയാണ് മന്ത്രി വീണ ജോര്‍ജ്.  മുന്പെങ്ങും കണ്ടിട്ടില്ലാത്ത പ്രചാരണമാണ് അമേരിക്കയിൽ നടക്കുന്നതെന്ന് മന്ത്രി പറയുന്നു. ലോക ബാങ്കിന്റെ പാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിക്കപ്പെട്ടായിരുന്നു മന്ത്രി അമേരിക്കയിലെത്തിയത്. 

വാശിയേറിയ പോരാട്ടമാണ്! സംശയമില്ല. 2024ല്‍ ഞാന്‍ യുഎസില്‍ കണ്ടത് കൂടുതല്‍ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കും നേരിട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്കുമുള്ള ചുവടുമാറ്റമാണ്. പെന്‍സില്‍വേനിയ പോലുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ (Swing State) റോഡുകളുടെ ഇരുവശവും കൂറ്റന്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍... കമലയ്ക്കായും ട്രംപിനായും. കുടിയേറ്റവും, യുദ്ധവും, നികുതിയും, വ്യക്തി സ്വാതന്ത്ര്യവും ഉള്‍പ്പെടെ ഓരോ വിഷയങ്ങള്‍ ഓരോ ബോര്‍ഡിലും പ്രതിപാദിച്ചിട്ടുണ്ട്. 

എഫ്എം റേഡിയോകളില്‍ പരസ്പര വിമര്‍ശനങ്ങളോടെയുള്ള പരസ്യങ്ങള്‍, അതും ഇടതടവില്ലാതെ! പരമ്പരാഗത റിപ്പബ്ലിക്കാന്‍ സ്റ്റേറ്റുകളിലും ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലും വീടുകളില്‍ തിരഞ്ഞെടുപ്പ് ലഘുലേഖകളും നോട്ടീസുകളും എത്തിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു. കെട്ടുകണക്കിന് നോട്ടീസുകള്‍ ആണ് ഓരോ വീട്ടിലും എത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഏജന്‍സികള്‍ വഴിയാണ് നോട്ടീസ് വിതരണം നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിയുടെ കുറിപ്പിങ്ങനെ


ഇന്ന് നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ച. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന വിധിയെഴുത്ത് ദിവസം. ഇന്നാണ് ഓരോ സ്റ്റേറ്റിലെയും വോട്ടര്‍മാര്‍ തങ്ങളുടെ ഇലക്ടര്‍മാരെ തിരഞ്ഞെടുക്കുന്നത്. ഈ ഇലക്ടര്‍മാരാണ് രാജ്യത്തിന്റെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടത്. ചൊവ്വാഴ്ച പുലരാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഇനി ശേഷിക്കുന്നത് വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രം.

ലോക ബാങ്കിന്റെ പാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം എന്നത് മനസില്‍ ഉണ്ടായിരുന്നില്ല. ചിന്തിക്കാന്‍ സമയവും ലഭിച്ചിരുന്നില്ല. എന്നാല്‍ യുഎസില്‍ ചെന്നിറങ്ങിയപ്പോള്‍ ഞാന്‍ കണ്ടത് മുന്‍കാലങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷവും സാഹചര്യവുമാണ്.  2012 യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ അഞ്ച് പേര്‍ തിരഞ്ഞെടുപ്പ് കാലത്ത് അവിടെയെത്തി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാണുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ബരാക്ക് ഒബാമയുടെ രണ്ടാം തിരഞ്ഞെടുപ്പ് ആയിരുന്നു 2012ലേത്. അന്നും ഒബാമ അമേരിക്കക്കാര്‍ക്ക് ഒരു വികാരമായിരുന്നു. 2008ലെ 'Yes We Can' എന്ന ഡെമോക്രാറ്റ് സ്ലോഗന്‍ 2012ലും ജനങ്ങളില്‍ പ്രചോദനമായിരുന്നു.

2024ല്‍ ഞാന്‍ യുഎസില്‍ കണ്ടത് കൂടുതല്‍ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കും നേരിട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്കുമുള്ള ചുവടുമാറ്റമാണ്. പെന്‍സില്‍വേനിയ പോലുള്ള ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ (Swing State) റോഡുകളുടെ ഇരുവശവും കൂറ്റന്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍... കമലയ്ക്കായും ട്രംപിനായും. കുടിയേറ്റവും, യുദ്ധവും, നികുതിയും, വ്യക്തി സ്വാതന്ത്ര്യവും ഉള്‍പ്പെടെ ഓരോ വിഷയങ്ങള്‍ ഓരോ ബോര്‍ഡിലും പ്രതിപാദിച്ചിട്ടുണ്ട്. 

എഫ്എം റേഡിയോകളില്‍ പരസ്പര വിമര്‍ശനങ്ങളോടെയുള്ള പരസ്യങ്ങള്‍, അതും ഇടതടവില്ലാതെ! പരമ്പരാഗത റിപ്പബ്ലിക്കാന്‍ സ്റ്റേറ്റുകളിലും ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലും വീടുകളില്‍ തിരഞ്ഞെടുപ്പ് ലഘുലേഖകളും നോട്ടീസുകളും എത്തിക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുന്നു. കെട്ടുകണക്കിന് നോട്ടീസുകള്‍ ആണ് ഓരോ വീട്ടിലും എത്തുന്നത്. നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഏജന്‍സികള്‍ വഴിയാണ് നോട്ടീസ് വിതരണം നടത്തുന്നത്.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന തലമുറയിലെ ബഹുഭൂരിപക്ഷം ആളുകളും കുടിയേറ്റ നിയമങ്ങളെക്കുറിച്ചും മൂല്യബോധങ്ങളെക്കുറിച്ചും കൂടുതല്‍ ആശങ്കപ്പെടുന്നത് കണ്ടു. പുതിയ തലമുറയാകട്ടെ നികുതി പോലെയുള്ള വിഷയങ്ങളെക്കുറിച്ചും. അതിന്റെ അടിസ്ഥാനത്തിലാകും തങ്ങളുടെ വോട്ടെന്ന് അവര്‍ പറയുകയും ചെയ്തു. യുദ്ധം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഇവ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

വാശിയേറിയ പോരാട്ടമാണ്! സംശയമില്ല. 'First black to be the president' എന്നത് ബാരക് ഒബാമയുടെ കാലത്ത് ഒരു തരംഗമായിരുന്നു. എന്നാല്‍ 'First (black) woman to be the president' എന്നത് കമലാ ഹാരിസിന് വേണ്ടി ഒരു മൂവ്‌മെന്റായി ഉണ്ടായിട്ടില്ല. ജെന്‍ഡര്‍ ഈ തെരഞ്ഞെടുപ്പില്‍ കമലയും ഡെമോക്രാറ്റുകളും വിഷയമായി അവതരിപ്പിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2016ല്‍ ഹിലാരി ക്ലിന്റന്‍ വുമണ്‍ കാര്‍ഡ് ഇറക്കുന്നു എന്ന് എതിരാളി ട്രംപ് വിമര്‍ശിച്ചത് ഓര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റേയും തങ്ങളുടേയും ഭാവി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്ന അമേരിക്കക്കാരുടെ മനസില്‍ എന്താണ് എന്നത് ലോകമറിയാന്‍ ഇനി ഒരു ദിവസം കൂടി.

അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം; ആരാകും പ്രസിഡൻ്റ്, 20 സംസ്ഥാനങ്ങളിൽ പോളിംഗ് തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios