ക്രൊയേഷ്യയിൽ നഴ്സിംഗ് ഹോമിൽ അതിക്രമിച്ച് കയറി വെടിവയ്പ്, അമ്മ അടക്കം 6 പേരെ കൊന്ന് മുൻ സൈനികൻ
10 വർഷത്തോളമായി ഇയാളുടെ അമ്മ ഈ നഴ്സിംഗ് ഹോമിലാണ് കഴിയുന്നത്. എന്നാൽ അക്രമിക്ക് വെടിയുതിർക്കാനുണ്ടായ പ്രകോപന കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇയാളുടെ വീട്ടിൽ നിന്ന് രജിസ്ട്രേഷനില്ലാത്ത തോക്കുകൾ കണ്ടെത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്
സാഗ്രബ്: ക്രൊയേഷ്യയിലെ നഴ്സിംഗ് ഹോമിൽ വെടിവയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു. നഴ്സിംഗ് ഹോമിൽ കടന്നുകയറി മുൻ സൈനികൻ നടത്തിയ വെടിവയ്പിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. നഴ്സിംഗ് ഹോമിലെ ജീവനക്കാർ അടക്കമുള്ളവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ക്രൊയേഷ്യയിലെ കിഴക്കൻ നഗരമായ ദാരുവറിലെ നഴ്സിംഗ് ഹോമിലാണ് വെടിവയ്പുണ്ടായത്. വെടിവച്ചയാളെ പൊലീസ് ഒരു കഫേയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തിയത് രജിസ്ട്രേഷനില്ലാത്ത തോക്കാണെന്നാണ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നത്.
തിങ്കളാഴ്ചയാണ് മുൻ സൈനികൻ അമ്മ അടക്കമുള്ളവരെ നഴ്സിംഗ് ഹോമിലെത്തി വച്ചത്. കൊല്ലപ്പെട്ടവരിൽ അക്രമിയുടെ അമ്മയും ഉൾപ്പെടുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് വിശദമാക്കുന്നത്. 10 വർഷത്തോളമായി ഇയാളുടെ അമ്മ ഈ നഴ്സിംഗ് ഹോമിലാണ് കഴിയുന്നത്. എന്നാൽ അക്രമിക്ക് വെടിയുതിർക്കാനുണ്ടായ പ്രകോപന കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇയാളുടെ വീട്ടിൽ നിന്ന് രജിസ്ട്രേഷനില്ലാത്ത തോക്കുകൾ കണ്ടെത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. 20ഓളം അന്തേവാസികളായിരുന്നു ഈ നഴ്സിംഗ് ഹോമിലുണ്ടായിരുന്നത്.
ഇത്തരം അക്രമ സംഭവങ്ങൾ ക്രൊയേഷ്യയിൽ പതിവ് അല്ലാത്തതിനാൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള ഏറ്റവും മോശപ്പെട്ട സംഭവമായാണ് തിങ്കളാഴ്ചത്തെ വെടിവയ്പിനെ രാജ്യം വിലയിരുത്തുന്നത്. ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിച്ച്, പ്രധാനമന്ത്രി ആൻഡ്രേജ് പ്ലെൻകോവിച്ച് എന്നിവർ അക്രമ സംഭവത്തെ അപലപിച്ചു.
അറസ്റ്റിലായ മുൻ സൈനികനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് വെടിവയ്പിലേക്കുള്ള പ്രകോപനകാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. നേരത്തെയും ഇയാൾക്കെതിരെ അക്രമ സംഭവങ്ങൾക്ക് പരാതി ഉയർന്നിരുന്നു. ഗാർഹിക പീഡനത്തിനും പൊതുജനത്തെ ശല്യപ്പെടുത്തുന്നതിനുമാണ് ഇവയെന്നാണ് പുറത്ത് വരുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം