എം.എ യൂസഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിൽപ്പനയ്ക്ക്; ഏവിയേഷൻ സൈറ്റുകളിലെ പരസ്യം പുതിയ വിമാനം എത്തിയതോടെ
എട്ട് വർഷം പഴക്കമുള്ള വിമാനം മാറ്റി അടുത്തിടെയാണ് എം.എ യൂസഫലി പുതിയ സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കിയിരിക്കുന്നത്.
ന്യൂയോർക്ക്: എം.എ യൂസഫലി ഉയോഗിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം വിൽപനയ്ക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രകൾക്കായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ്, നേരത്തെ ഉപയോഗിച്ചിരുന്ന എ6-വൈ.എം.എ ഗൾഫ്‍സ്ട്രീം ജി-550 വിമാനം വിൽപനയ്ക്ക് വെച്ചത്. സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങാനും വിൽക്കാനും സഹായിക്കുന്ന, അമേരിക്കയിലെ സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിൽപനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്.
വിമാനങ്ങൾ വിൽക്കാനായി ലിസ്റ്റ് ചെയ്യുന്ന ഗ്ലോബൽ എയർ ഡോട്ട് കോം ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ എ6-വൈ.എം.എ വിമാനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് വർഷം പഴക്കമുള്ളതാണ് വിമാനം. ആകെ 3065 മണിക്കൂറുകൾ പറന്നിട്ടുണ്ട്. അമേരിക്കയിലെ വിർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്‍റെ ഉടമസ്ഥതയിലുള്ള ഗൾഫ്സ്ട്രീം എയറോസ്പേസ് കമ്പനി നിർമിച്ച വിമാനത്തിന് 16 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണുള്ളത്. വിമാനം വിൽക്കാൻ ഉദ്ദേശിക്കുന്ന വില വെബ്‍സൈറ്റുകളിൽ നൽകിയിട്ടില്ല. ഇതിനായി വിൽപന നടത്തുന്ന കമ്പനിയെ നേരിട്ട് സമീപിക്കാനാണ് നിർദേശം.
2016ലാണ് 350 കോടിയിലധികം രൂപ ചെലവഴിച്ച് എം.എ യൂസഫലി ഗൾഫ്‍സ്ട്രീം ജി-550 വിമാനം സ്വന്തമാക്കിയത്. ലെഗസി 650 വിമാനമായിരുന്നു അതിന് മുമ്പ് ഉപയോഗിച്ചിരുന്നത്. നിലവിൽ ഗൾഫ്‍സ്ട്രീം 600 വിമാനമാണ് പുതിയതായി യൂസഫലി വാങ്ങിയത്. ടി7-വൈഎംഎ എന്ന രജിസ്ട്രേഷനിലുള്ള പുതിയ വിമാനം 2023 ഡിസംബർ അവസാനത്തിൽ ഗൾഫ്സ്ട്രീം എയറോസ്പേസ് കമ്പനി നിർമിച്ചതാണ്. 483 കോടിയോളം രൂപ വില വരുന്ന ഈ വിമാനത്തിലാണ് ഏപ്രിൽ മാസം മുതൽ എം.എ യൂസഫലിയുടെ യാത്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം