അബുജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വമ്പൻ സ്വീകരണം; നൈജീരിയൻ പ്രസിഡന്‍റുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
വൈകിട്ട് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി നൈജീരിയൻ തലസ്ഥാനമായ അബുജയിൽ നിന്ന് ബ്രസീലിലേക്ക് തിരിക്കും
അബുജ: നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡന്‍റ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകും. ഇന്ത്യ - നൈജീരിയ ചർച്ചയ്ക്കുശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പു വയ്ക്കും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
വൈകിട്ട് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി നൈജീരിയൻ തലസ്ഥാനമായ അബുജയിൽ നിന്ന് ബ്രസീലിലേക്ക് തിരിക്കും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയും നിര്‍ണായകമാണ്. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും.
ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയിലെ ഇന്ത്യക്കാര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പടിഞ്ഞാറൻ ആഫ്രിക്കൻ മേഖലയിലേക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനമാണിത്. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മോദി യാത്ര തിരിച്ചിട്ടുള്ളത്.
ട്രോയിക്ക അംഗമെന്ന നിലയിലാണ് പ്രധാനമന്ത്രി മോദി ബ്രസീലിലെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. നവംബർ 18-19 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഉച്ചകോടിയില്‍ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ചൈനയുടെ ഷി ജിൻപിംഗ് എന്നിവരും ഉൾപ്പെടുന്നുണ്ട്. നവംബർ 19 മുതൽ 21 വരെ പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഗയാന സന്ദർശിക്കും. 50 വർഷത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.