ലോകം ഞെട്ടിയ 'പ്രേത വിമാന' കേസ്, യാത്രക്കാരോട് എയർലൈനിന്‍റെ കൊടും ചതി; കോടികളുടെ പിഴ ചുമത്തി, നടപടി
ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ക്വാണ്ടാസിനെതിരെ കേസില്‍ നടപടികൾ തുടങ്ങിയത്. 'പ്രേത വിമാന' കേസ് എന്നാണ് ഇത് പരാമര്‍ശിക്കപ്പെട്ടത്.
സിഡ്നി: നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വില്‍പ്പന നനടത്തിയ എയര്‍ലൈൻസിന് വൻ തുക പിഴ. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിനാണ് കനത്ത പിഴ ചുമത്തിയിട്ടുള്ളത്. ആഴ്ചകൾക്കുമുമ്പ് റദ്ദാക്കിയ വിമാനങ്ങളിലെ സീറ്റുകളുടെ ബുക്കിംഗ് തുടര്‍ന്ന ക്വാണ്ടാസ്, കേസ് ഒത്തുതീർപ്പാക്കാൻ ഓസ്‌ട്രേലിയൻ ഡോളർ 100 മില്യൺ (66.1 മില്യൺ ഡോളർ) പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു.
ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ക്വാണ്ടാസിനെതിരെ കേസില്‍ നടപടികൾ തുടങ്ങിയത്. 'പ്രേത വിമാന' കേസ് എന്നാണ് ഇത് പരാമര്‍ശിക്കപ്പെട്ടത്. രണ്ടോ അതിലധികമോ ദിവസം മുമ്പ് റദ്ദാക്കിയ വിമാനങ്ങളിൽ ക്വാണ്ടാസ് എയർലൈനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കൾക്ക് ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭിക്കും.
ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ എയർലൈൻസ് വിറ്റുവെന്നുള്ളതാണ് കേസ്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്വാണ്ടാസ് 20 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ മൂല്യമുള്ള ഒരു നഷ്ടപരിഹാര പദ്ധതിയും നടപ്പാക്കേണ്ടി വരും. ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റുകൊണ്ട് ക്വാണ്ടാസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എസിസിസി ഓഗസ്റ്റിൽ 'പ്രേത വിമാന' കേസ് ആരംഭിക്കുകയായിരുന്നു.
അതേസമയം, ക്വാണ്ടാസും ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷനും തമ്മിലുള്ള പിഴ ഉടമ്പടി ഓസ്‌ട്രേലിയയിലെ ഫെഡറൽ കോടതി അംഗീകരിക്കേണ്ടതുണ്ട്. ആഭ്യന്തര വിമാന യാത്രക്കാർക്ക് 225 ഡോളറും അന്താരാഷ്ട്ര ടിക്കറ്റ് ഉടമകൾക്ക് 450 ഡോളറും നഷ്ടപരിഹാരമായി ലഭിക്കുമെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് അടച്ചുപൂട്ടലിന് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോൾ, ഉപഭോക്താക്കളെ നിരാശപ്പെടുത്തിയതായി തിരിച്ചറിയുന്നു എന്നാണ് ക്വാണ്ടാസ് എയർലൈൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഹഡ്‌സൺ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.