ജനങ്ങളുടെ പ്രതിഷേധവും യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പും പാഴായി, വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയ
20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ റഷ്യ പ്രയോഗിച്ച നിയമങ്ങൾക്ക് സമാനമാണ് പുതിയ നിയമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
റ്റിബിലിസി: ഏറെ വിവാദമായ വിദേശ ഏജന്റ് ബിൽ പാസാക്കി ജോർജിയൻ പാർലമെന്റ്. രാജ്യത്തിന് അകത്തും പുറത്തും ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുകയും യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ഇടയിലാണ് വിവാദ ബില്ല് ജോർജിയ പാസാക്കുന്നത്. യൂറോപ്യൻ യൂണിയൻ അംഗമാവുന്നതിനുള്ള ശ്രമങ്ങൾക്ക് ബില്ല് തിരിച്ചടിയാവുമെന്ന യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ് തള്ളിയാണ് വിദേശ ഏജന്റ് ബില്ല് നിയമമാവുന്നത്.
20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ. പൊതുസമൂഹത്തെ നിശബ്ദമാക്കാൻ ക്രംലിനിൽ റഷ്യ പ്രയോഗിച്ച നിയമങ്ങൾക്ക് സമാനമാണ് പുതിയ നിയമമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണ് വിവാദ ബിൽ നിയമമായത്. 30 വോട്ടുകൾക്കെതിരെ 84 വോട്ടുകൾക്കാണ് ബിൽ പാസായത്. പാർലമെന്റ് കെട്ടിടത്തിന് പുറത്ത് ബിൽ പാസാകുന്നതിനെതിരായ പ്രതിഷേധം ശക്തമായി നടക്കുമ്പോഴാണ് നിയമം പാസായിട്ടുള്ളത്. അടുത്തിടെ നടന്ന വോട്ടെടുപ്പിൽ 80 ശതമാനം ജോർജിയക്കാരും യൂറോപ്യൻ യൂണിയനിൽ ചേരണമെന്ന് ആഗ്രഹം വ്യക്തമാക്കിയിരുന്നു. 2022ലാണ് ജോർജിയ യൂറോപ്യൻ യൂണിയനിലെ അംഗമാകാൻ അപേക്ഷ നൽകിയത്. ഡിസംബർ വരെ സ്ഥാനാർത്ഥി പദവിയാണ് യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് അനുവദിച്ചിട്ടുള്ളത്.
അടിച്ചമർത്തുന്ന റഷ്യൻ നിയമങ്ങളെ മാതൃകയാക്കിയാണ് വിവാദ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വ്യാപകമാവുന്ന വിമർശനം. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനത്തിന് വിവാദ ബിൽ തടസമാകുമെന്ന് യൂറോപ്യൻ യൂണിയൻറെ മുന്നറിയിപ്പിനിടെയാണ് ബിൽ പാസാവുന്നതെന്നും ശ്രദ്ധേയമാണ്. ജോർജിയയെ അസ്ഥിരപ്പെടുത്താനുള്ള റഷ്യൻ തന്ത്രത്തിന്റെ ഭാഗമായാണ് നീക്കമെന്നും ഭരണപക്ഷത്തോട് സ്ഥിരമായി കലഹിക്കുന്ന ജോർജിയയുടെ പ്രസിഡന്റ് സലോമി സുറാബിഷ്ബിലി നേരത്തെ ബില്ലിന് ആദ്യാനുമതി നേടിയ സമയത്ത് പ്രതികരിച്ചത്. നിലവിലെ 150 അംഗ പാർലമെന്റിലെ 84 സീറ്റുകളും ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീം പാർട്ടിയുടേതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം