പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ആദ്യ ബാച്ച് സഹായം പുതിയതായി തുറന്ന പാതയിലൂടെ കടന്ന് പോയതായി യുഎസ് സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്
ഗാസ: പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ 500 ടൺ അവശ്യസാധനങ്ങൾ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകൾ ഇതുവരെ എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. എന്നാൽ കടൽ തീരത്തെ താൽക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായ ബദൽ മാർഗമാക്കാൻ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നൽകിയിട്ടുണ്ട്.
ഭക്ഷണവും വെള്ളവും ഇന്ധനവും അടക്കമുള്ളവ ഗാസയിലേക്ക് എത്തിക്കാൻ താൽക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായി ഉപയോഗിക്കാനാവില്ലെന്നാണ് അമേരിക്കയുടെ നിരീക്ഷണം. സഹായവുമായി എത്തുന്ന ട്രെക്കുകൾ അടക്കം ഇസ്രയേൽ തടയുന്ന സാഹചര്യം മേഖലയിലുണ്ട്. ഒക്ടോബർ ഏഴിന് ശേഷമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 35000 ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന കണക്കുകൾ. ഗാസയുടെ തെക്കൻ മേഖലയിൽ ഭക്ഷണം തീർന്നു പോകുന്ന സാഹചര്യമെന്നാണ് യുഎൻ വിശദമാക്കുന്നത്. വടക്കൻ മേഖലകളിൽ നിലവിൽ തന്നെ ക്ഷാമ സമാനമായ സാഹചര്യമെന്നാണ് യുഎൻ വിശദമാക്കിയത്. വ്യാഴാഴ്ചയാണ് അമേരിക്ക ഇവിടെ സഹായമെത്തിക്കാനായി പുതിയ പാത സജ്ജമാക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ആദ്യ ബാച്ച് സഹായം പുതിയതായി തുറന്ന പാതയിലൂടെ കടന്ന് പോയതായി യുഎസ് സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ട്രെക്കുകൾക്ക് സൈനിക അകമ്പടി നൽകില്ലെന്ന് അമേരിക്ക വിശദമാക്കിയിരുന്നു. യുഎന്നിന് വേണ്ടിയാണ് അമേരിക്ക ഇവിടെ പുതിയ പാത തുറന്ന് നൽകിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം