മഞ്ഞുരുകുമോ? ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു.
ഇറ്റലി: ജി 7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച. ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. കാനഡയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.
അതേസമയം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെയും മോദി കണ്ടു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പാരീസ് ഒളിംപിക്സിന് ആശംസ അറിയിച്ചുവെന്നും മോദി വ്യക്തമാക്കി.
ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയായും മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ജനങ്ങളെ സേവിക്കാനുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്നും പറഞ്ഞു. മാർപാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്. മോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി 7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തത്.