'ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ല'; നരേന്ദ്ര മോദിയുടെ വാക്കുകൾ ഉൾപ്പെടുത്തി ജി20 പ്രഖ്യാപനം

നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി.

G20 summit leaders declaration

ബാലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തി ജി 20 പ്രഖ്യാപനം. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി. യുദ്ധത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം ഏറ്റെടുക്കുകയായിരുന്നു ജി20 ഉച്ചകോടി. 

രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുമ്പോൾ സമാധാനത്തിന്‍റെ ശക്തമായ സന്ദേശം നൽകാൻ കഴിയണമെന്നും മോദി പറഞ്ഞിരുന്നു. അതേ സമയം സമാപന സമ്മേളനത്തില്‍ അടുത്ത ജി20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റെടുക്കുകയും ചെയ്തു.

യുക്രൈൻ - റഷ്യ സം‍‌ഘർഷം ആശങ്കയായി തുടരുമ്പോഴാണ് ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. യുദ്ധം അവസാനിപ്പിക്കണമെന്ന ആഹ്വാനത്തോടെയാണ് ഇന്തോനേഷ്യയിൽ ചേർന്ന ഉച്ചകോടി അവസാനിച്ചത്. റഷ്യ യുക്രൈൻ യുദ്ധം പരിഹരിക്കേണ്ടത് നയതന്ത്ര ച‍ർച്ചകളിലൂടെയാണെന്ന ഇന്ത്യൻ നിലപാടും പ്രധാനമന്ത്രിയുടെ പരാമർശവും ആ​ഗോള തലത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. 

യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്ന് നേരത്തെ റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിനോട് മോദി നേരിട്ട് ആവശ്യപ്പെട്ടിരുന്നു.  ഇതിന് തുട‍ർനീക്കങ്ങളുണ്ടാകണമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ  നിര്‍ദേശിച്ചതായാണ് സൂചന. ജി20യിലെ സമാപന സമ്മേളനത്തില്‍ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വിഡോഡോ മോദിക്ക് ആതിഥേയ രാജ്യത്തിനുള്ള ബാറ്റണ്‍ കൈമാറി. 'വസുധൈവ കുടുംബകം' എന്ന ആശയം മുൻനിര്‍ത്തി ഒരു വർഷത്തെ നടപടികൾ അടുത്ത മാസം ഒന്നിന് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ തുടങ്ങും. 

Read More: സ്ത്രീപക്ഷ വികസനത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന് മോദി: ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു


 

Latest Videos
Follow Us:
Download App:
  • android
  • ios