തിരക്കേറിയ വിമാനത്താവളത്തിൽ നാലംഗ സംഘത്തിന്റെ പൊരിഞ്ഞ തല്ല്; ആയുധമായി സൈൻ ബോർഡുകളും മെറ്റൽ സ്റ്റാൻഡും
സൈൻ ബോർഡുകൾ എടുത്ത് പരസ്പരം അടിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഷിക്കാഗോ: യാത്രക്കാരെയും ജീവനക്കാരെയും ഭീതിയിലാഴ്ത്തി ഷിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാലംഗ സംഘത്തിന്റെ പൊരിഞ്ഞ തല്ല്. വിമാനത്താവളത്തിൽ വെച്ചിരുന്ന 'വെറ്റ് ഫ്ലോർ' സൈൻ ബോർഡുകൾ ഉൾപ്പെടെ എടുത്ത് പരസ്പരം തല്ലുന്നവരുടെ ദൃശ്യങ്ങൾ മറ്റ് ചില യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രൊഫഷണൽ റെസ്‍ലിങിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ചയാണ് വിമാനത്താവളത്തിൽ വെച്ച് നേരിട്ട് കണ്ടതെന്ന് യാത്രക്കാരിൽ പലരും അഭിപ്രായപ്പെട്ടു.
ഷിക്കാഗോയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഓ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ അമേരിക്കൻ എയർലൈൻസ് വിമാനക്കമ്പനിയുടെ ടിക്കറ്റിങ് ഏരിയയ്ക്ക് സമീപത്തു വെച്ചായിരുന്നു നാലംഗ സംഘത്തിന്റെ പരസ്പര ഏറ്റുമുട്ടൽ. സംഘത്തിലെ ഒരാൾ തന്റെ എതിരാളികളായ മൂന്ന് പേരെ അടിച്ച് നിലത്തിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറ്റുമുട്ടുന്നവർ അമേരിക്കൻ എയർലൈൻസിലെ ജീവനക്കാരല്ലെന്നാണ് വിവരം.
വിമാനത്താവളത്തിലെ മറ്റേതോ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തമ്മിലടിയുടെ കാരണവും അവ്യക്തം. വെള്ള ടീ ഷർട്ട് ധരിച്ച ഒരാളെ മറ്റ് മൂന്ന് പേർ ചേർന്ന് ആക്രമിക്കുന്നതും ഇയാൾ തിരികെ മൂന്ന് പേരെയും തല്ലുന്നതും വീഡിയോയിൽ കാണാം. വിമാനത്താവളത്തിലെ നിലം തുടയ്ക്കുമ്പോൾ നനവുള്ള സ്ഥലത്ത് ആളുകൾ വഴുതി വീഴാതിരിക്കാനായി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന 'വെറ്റ് ഫ്ലോർ' ബോർഡുകളും ഇതിനിടെ ഇവർ ആയുധമാക്കി. ഈ ബോർഡ് അടിച്ചു തകർക്കുന്നുമുണ്ട്. ഏറ്റവുമൊടുവിൽ ഒരു ലോഹ സ്റ്റാൻഡ് എടത്തുയർത്തുന്നതും കാണാം. നിരവധി യാത്രക്കാർ സമീപത്ത് നോക്കി നിൽക്കുമ്പോഴായിരുന്നു ഏറ്റുമുട്ടൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം