ഒന്നാം ക്ലാസുകാരനെത്തുന്നത് തോക്കുമായെന്ന അധ്യാപികയുടെ പരാതി അവഗണിച്ചു, വൈസ് പ്രിൻസിപ്പാളിനെതിരെ കോടതി
ക്ലാസ് മുറിയിലേക്ക് എത്തുന്ന ആറുവയസുകാരന്റെ പോക്കറ്റിൽ തോക്ക് കണ്ടുവെന്ന് അധ്യാപിക നേരത്തെ പല തവണ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഇതിന് ആവശ്യമായ പരിഗണന നൽകിയില്ല. തന്നെയുമല്ല വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാനും സ്കൂളിലെ വൈസ് പ്രിൻസിപ്പാളായിരുന്ന എബോണി പാർക്കർ തയ്യാറായിരുന്നില്ല.
വിർജീനിയ: ക്ലാസ് മുറിയിൽ ആറു വയസുകാരനെത്തുന്നത് തോക്കുമായാണെന്ന അധ്യാപികയുടെ പരാതി അവഗണിച്ച മുൻ സ്കൂൾ പ്രിൻസിപ്പലിനെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന് കുറ്റകൃത്യത്തിലാണ് കോടതി നടപടി. വെടിയേറ്റ് പരിക്കേറ്റ് തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട അധ്യാപിക നൽകിയ പരാതിയിൽ നേരത്തെ കുട്ടിയുടെ അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. വെടിവയ്പും തുടർന്നുണ്ടായ ചികിത്സാ ഭാരങ്ങൾക്കും പിന്നാലെയാണ് അധ്യാപിക സ്കൂൾ അധികൃതർക്കെതിരെ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിർജീനിയയി 2023 ജനുവരി മാസത്തിൽ ക്ലാസ് മുറിയിലുണ്ടായ വെടി വയ്പ് സംഭവത്തിലാണ് കോടതിയുടെ നിർണായക നടപടി.
ക്ലാസ് മുറിയിലേക്ക് എത്തുന്ന ആറുവയസുകാരന്റെ പോക്കറ്റിൽ തോക്ക് കണ്ടുവെന്ന് അധ്യാപിക നേരത്തെ പല തവണ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഇതിന് ആവശ്യമായ പരിഗണന നൽകിയില്ല. തന്നെയുമല്ല വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാനും സ്കൂളിലെ വൈസ് പ്രിൻസിപ്പാളായിരുന്ന എബോണി പാർക്കർ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ക്ലാസ് മുറിയിൽ വെടിവയ്പുണ്ടായത്. വെടിവയ്പിന് പിന്നാലെ വൈസ് പ്രിൻസിപ്പാളിനെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. എട്ട് രീതിയിലുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഓരോ കുറ്റത്തിനും കുറഞ്ഞത് അഞ്ച് വർഷം തടവ് ശിക്ഷം വീതം ലഭിക്കാനാണ് സാധ്യതയുണ്ട്.
26കാരിയായ ഡേജാ ടെയ്ലർ എന്ന യുവതിയുടെ ആറ് വയസുകാരനായ മകനാണ് സ്കൂളിലെ അധ്യാപികയായ അബ്ബി സ്വർനെറിനെതിരെ ക്ലാസ് മുറിയില്‍ വച്ച് വെടിയുതിർത്തത്. സംഭവത്തിൽ ആറാം ക്ലാസുകാരന്റെ കൈവശം തോക്ക് എങ്ങനെയെത്തി എന്നതിൽ അമ്മയുടെ വീഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന 26 കാരി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറ് വയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ അധ്യാപിക 40 മില്യണ്‍ ഡോളർ നഷ്ടപരിഹാരം ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ആഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപികയ്ക്ക് നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം