കേരളത്തെ ഉലച്ച ഉരുൾപൊട്ടൽ മുതൽ സ്പെയിനിലെ മിന്നൽ പ്രളയം വരെ; 2024ൽ ലോകത്തെ നടുക്കിയ പ്രകൃതി ദുരന്തങ്ങൾ

പ്രളയം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, കാട്ടുതീ, ഭൂകമ്പം എന്നിങ്ങനെ 2024നെ തോരാകണ്ണീരിലേക്ക് തള്ളിവിട്ട പ്രകൃതി ദുരന്തങ്ങൾ നിരവധിയാണ്.

flood cyclone deadly heat the natural calamities and climate changes in 2024

ചക്രവാതച്ചുഴി, ഉഷ്ണതരംഗം, അതിതീവ്ര ന്യൂനമർദ്ദം എന്നിങ്ങനെ നേരത്തെ നമുക്ക് അത്ര പരിചിതമല്ലാതിരുന്ന വാക്കുകൾ ഇന്ന് നിത്യേന കേൾക്കുകയാണ്. ഒരു വർഷം പെയ്യേണ്ട  മഴ ഒരൊറ്റ ദിവസം കൊണ്ട് പെയ്യുന്ന അവസ്ഥയിലേക്ക് കാലാവസ്ഥാ മാറ്റം സംഭവിക്കുന്നു. കേരളത്തെ പൊള്ളിച്ച ഉരുൾപൊട്ടൽ മുതൽ കടലിലെ താപനില വർദ്ധന കാരണം നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾ വരെ ഈ ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്ന സൂചനകൾ ആശങ്കപ്പെടുത്തുന്നതാണ്. പ്രളയം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ, കാട്ടുതീ, ഭൂകമ്പം എന്നിങ്ങനെ 2024നെ തോരാകണ്ണീരിലേക്ക് തള്ളിവിട്ട പ്രകൃതി ദുരന്തങ്ങൾ നിരവധിയാണ്.

ഉള്ളുലച്ച ഉരുൾപൊട്ടൽ

ജൂലൈ 30ന് അ‍ർധരാത്രിയും പുലർച്ചെയുമായി ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലുകള്‍ വയനാട്ടിലെ രണ്ട് ഗ്രാമങ്ങളെ തകർത്തെറിഞ്ഞു. 298 പേരാണ് ഔദ്യോഗികമായ കണക്ക് അനുസരിച്ച് ചൂരൽമലയിലും മുണ്ടക്കൈയിലുമായി മരിച്ചത്. 44 പേര്‍ ഇപ്പോഴും കാണാമറയത്താണ്. 26 പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ഒറ്റ ദിവസം പെയ്തിറങ്ങിയത് 146 മില്ലിമീറ്റർ മഴയാണ്. 1901ൽ ഇന്ത്യയുടെ കാലാവസ്ഥാ ഏജൻസി റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയ ശേഷം കേരളത്തിലെ മൂന്നാമത്തെ ഉയർന്ന മഴയാണ് വയനാട്ടിൽ പെയ്തത്. 1924, 2018 വർഷങ്ങളിലാണ് ഇതിന് മുൻപ് ഇത്രയും കനത്ത മഴ കേരളത്തിൽ പെയ്തത്. പ്രകൃതിസൗന്ദര്യം നിറഞ്ഞ നാട് ഒരു രാത്രി കൊണ്ട് ഒരുപിടി പാറകളും മണ്‍കൂനകളുമായി മാറി. ആയിരത്തലധികം കുടുംബങ്ങളാണ് പ്രിയപ്പെട്ടവരും വീടും ഉപജീവന മാർഗ്ഗവുമെല്ലാം നഷ്ടമായി നിരാലംബരായിപ്പോയത്. 

flood cyclone deadly heat the natural calamities and climate changes in 2024

40 ഡിഗ്രിയും കടന്ന് ചൂട്

ഏപ്രിൽ 26ന് പാലക്കാടാണ് ഈ വർഷം കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. പിന്നീട് കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ ഹീറ്റ് വേവ് അലർട്ടുകൾ നൽകി. കേരളത്തിൽ ഹീറ്റ് വേവ് അലേർട്ട് ആദ്യം പുറപ്പെടുവിച്ചത് 2016ലാണ്. അതും പാലക്കാടായിരുന്നു. എന്നാൽ 2020ൽ ആദ്യ മുന്നറിയിപ്പ് നൽകിയത് കോഴിക്കോടാണ്. ഈ വർഷം ഏപ്രിലിൽ കേരളത്തിൽ പലയിടങ്ങളിലായി 16 ദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തി. ഇതിന് മുൻപ് 2016ൽ 14 ദിവസം ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. 

റേമൽ, ഫിൻജാൽ, മിന്നൽ പ്രളയം...

രാജ്യത്തെ ഏകദേശം എല്ലാ സംസ്ഥാനങ്ങളും പെരുമഴയോ കൊടുംചൂടോ അതിശൈത്യമോ കാരണം കെടുതികൾ നേരിട്ടു. രാജ്യത്തെ 36 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 35ലും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍ പ്രത്യക്ഷമായ വര്‍ഷമാണ് 2024. ജൂൺ 27നും ഓഗസ്റ്റ് 16നും ഇടയിൽ ഹിമാചൽ പ്രദേശിൽ 51 മേഘസ്ഫോടനങ്ങളും മിന്നൽ പ്രളയങ്ങളുമാണ് ഉണ്ടായത്. മുപ്പതിലേറെ പേരുടെ ജീവൻ നഷ്ടമായി. 33 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 1140 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഗതാഗത സൗകര്യങ്ങൾ തകർന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 31നും സെപ്റ്റംബർ 9നും ഇടയിൽ വിജയവാഡയിലുണ്ടായ പ്രളത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. അതിശക്തമായ മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകിയതോടെ 45 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.

flood cyclone deadly heat the natural calamities and climate changes in 2024

മേയ് 26നാണ് അതിശക്തമായ റിമാൽ ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് നാശം വിതച്ചത്. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ബംഗാളിലും ബംഗ്ലാദേശിലും കനത്ത നാശനഷ്ടമുണ്ടായി കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നിരവധി പേർ മരിച്ചു. മേയ് മുതൽ പല മാസങ്ങളിലായി അസമിലുണ്ടായ പ്രളയം ആകെ 117 പേരുടെ ജീവനെടുത്തു. 1325 ഗ്രാമങ്ങളും 19 ജില്ലകളും വെള്ളത്തിനടിയിലായി. നാലു ലക്ഷത്തിലേറെ ജനങ്ങൾ ദുരിതത്തിലായി. നവംബർ 30നാണ് ഫിൻജാൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി തമിഴിനാട്ടിലും പുതുച്ചേരിയിലും ശ്രീലങ്കയിലും നാശം വിതച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 37 പേർ മരിച്ചു. ചുഴലിക്കാറ്റും ശക്തമായ മഴയും മൂലമുണ്ടായ വെള്ളപ്പൊക്കം നിരവധി പേരുടെ ജീവിതം പ്രതിസന്ധിയിലാക്കി. 

കൊടുംചൂടിൽ 360 മരണം

അതോടൊപ്പം ചുട്ടുപൊള്ളിക്കുന്ന ചൂടും രാജ്യത്ത് അനുഭവപ്പെട്ടു.ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തി. 37 നഗരങ്ങളിൽ ചൂട് 45 ഡിഗ്രിക്ക് മുകളിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 360 പേരാണ് ഈ വർഷത്തെ കൊടുംചൂടിൽ രാജ്യത്ത് മരിച്ചത്. എന്നാൽ 733 പേർ മരിച്ചെന്നാണ് ഹീറ്റ് വാച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതോടൊപ്പം രാജ്യ തലസ്ഥാനം അന്തരീക്ഷ മലിനീകരണമെന്ന ഗുരുതര സാഹചര്യം നേരിടുകയാണ്. നവംബർ പകുതി മുതൽ വായു നിലവാര സൂചിക അപകടകരമായ അവസ്ഥയിലെത്തി. 

flood cyclone deadly heat the natural calamities and climate changes in 2024

ഒരു വർഷം പെയ്യേണ്ട മഴ ഒരൊറ്റ ദിവസം

ഗള്‍ഫ് രാജ്യങ്ങളെ പ്രധാനമായും യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ 2024ല്‍ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും. ഏപ്രിൽ 15 തിങ്കളാഴ്ച വൈകുന്നേരം നേരിയ തോതില്‍ തുടങ്ങിയ മഴ ഏപ്രില്‍ 16ന് ശക്തമാകുകയായിരുന്നു. റെക്കോര്‍ഡ് മഴയാണ് യുഎഇയിലും ഒമാനിലും പെയ്തത്. വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വെള്ളക്കെട്ടിൽ വാഹനങ്ങൾ ഒഴുകി നടന്നു. 1244 വിമാനങ്ങളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റദ്ദാക്കിയത്. യുഎഇയിൽ ഒരു വർഷം പെയ്യേണ്ട മഴ ഒരൊറ്റ ദിവസം പെയ്തെന്നാണ് റിപ്പോർട്ട്. യുഎഇയിലും ഒമാനിലും  പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പിന്നീട് പഠന റിപ്പോർട്ട് പുറത്തുവന്നു. സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ താപനില കൂടുന്ന എല്‍നിനോ പ്രതിഭാസം മഴയുടെ തീവ്രത കൂട്ടിയതായി കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തിൽ പറയുന്നു. അതേസമയം യുഎഇയിൽ 50 ഡിഗ്രി സെൽഷ്യസ് ചൂട് ജൂണിൽ അനുഭവപ്പെട്ടു. ഈ വർഷം ഹജ്ജിനിടെ കനത്ത ചൂടിൽ സൌദിയിൽ 1300ലേറെ പേർ മരിച്ചെന്ന റിപ്പോർട്ടും പുറത്തുവന്നു.

flood cyclone deadly heat the natural calamities and climate changes in 2024

മിൽട്ടണ്‍, യാഗി, ട്രാമി, ബോംബ്... ചുഴലിക്കാറ്റുകളുടെ തീവ്രത കൂടുന്നു

ഒരു വർഷം മേഖലയിൽ പെയ്യേണ്ട മഴ, വെറും എട്ട് മണിക്കൂറിൽ പെയ്തതോടെ സ്പെയിനിലെ വലൻസിയയിൽ ഇരുനൂറിലേറെ പേർ മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ  ഭാഗമായി മെഡിറ്ററേനിയൻ കടൽ  ചൂട് പിടിച്ചുണ്ടായ ഡാന പ്രതിഭാസമാണ് അസാധാരണ മഴയ്ക്ക് കാരണം. മുന്നറിയിപ്പ് സംവിധാനങ്ങൾ പാളിയത് ആഘാതം വർദ്ധിപ്പിച്ചു. തുടർന്ന് സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയേറുണ്ടായി. അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടണ്‍ ചുഴലിക്കാറ്റും തുടർന്നുണ്ടായ മിന്നൽ പ്രളയവും വ്യാപക നാശം വിതച്ചു. 30 ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലായി. 28 അടിയോളം ഉയരമുള്ള തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചു. നൂറ്റാണ്ടിലെ ഭീതിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. പിന്നാലെ വീശിയ ബോംബ് ചുഴലിക്കാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും ഭയപ്പെട്ട തോതിൽ നാശം വിതച്ചില്ല. ഫിലിപ്പീൻസിൽ ട്രാമി കൊടുങ്കാറ്റിൽ നൂറിലേറെ പേർ മരിച്ചു. യാഗി ചുഴലിക്കാറ്റ് കര തൊട്ടതോടെ വിയറ്റ്നാമിൽ മരണം 200ലേറെയായി. മണിക്കൂറിൽ 149 കിലോമീറ്ററിലേറെ വേഗതയിൽ കാറ്റ് വീശിയതിന് പിന്നാലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രാജ്യത്തെയാകെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. കെനിയ, യുറുഗ്വെ, ബ്രസീൽ, തുടങ്ങി നിരവധി രാജ്യങ്ങൾ മഴക്കെടുതി അനുഭവിച്ചു. അതിനിടെ കാലിഫോർണിയയിൽ കാട്ടുതീയിൽ കത്തിയമർന്നത് ഒരു മില്യണ്‍ ഏക്കർ സ്ഥലമാണ്. 

flood cyclone deadly heat the natural calamities and climate changes in 2024

കോപ് 29ഉം കാലാവസ്ഥാ നീതിയും

അസബൈജാനിലെ ബാകുവിലാണ് നവംബറിൽ  29ാം യുഎൻ കാലാവസ്ഥാ ഉച്ചകോടി നടന്നത്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള സാമ്പത്തിക സഹായം, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഉത്തരവാദിത്വം എന്നിവയുടെ കാര്യത്തിൽ വികസിത, വികസ്വര രാജ്യങ്ങൾ തമ്മിലെ ഭിന്നത ഈ ഉച്ചകോടിയിലും ഉയർന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ തിക്തഫലം കൂടുതൽ അനുഭവിക്കുന്നത് ദരിദ്ര രാജ്യങ്ങളാണ്. തീവ്രവും അപ്രതീക്ഷിതവുമായ കാലാവസ്ഥാ മാറ്റങ്ങൾ നേരിടാനുള്ള സൌകര്യവും സാമ്പത്തിക ശേഷിയും ഈ രാജ്യങ്ങൾക്ക് കുറവാണ് എന്നതിനാൽ ആഘാതം കൂടുതലായിരിക്കും. അതേസമയം ആഗോള താപനത്തിന്‍റെ മുഖ്യകാരണങ്ങളിൽ ഒന്നായ കാർബണ്‍ പുറംതള്ളൽ ഏറ്റവും കൂടുതൽ നടത്തുന്നത് വികസിത രാജ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി ക്ലൈമറ്റ് ഫിനാൻസിനെ ചുറ്റിപ്പറ്റിയായിരുന്നു. പാരീസ് കണ്‍വെൻഷൻ മുന്നോട്ടുവച്ച ആക്ഷൻ പ്ലാൻ നടപ്പാക്കാൻ 6.9 ലക്ഷം കോടി ഡോളർ വേണം. 

1.3 ലക്ഷം കോടി ഡോളർ ക്ലൈമറ്റ് ഫിനാൻസിനായി വകയിരുത്തണമെന്ന് ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടെ ആവശ്യപ്പെട്ടു. എന്നാൽ നിശ്ചയിച്ചതിലും രണ്ട് നാൾ നീണ്ട ചർച്ചകൾക്കൊടുവിൽ 30,000 കോടി ഡോളർ എന്നാണ് തീരുമാനമായത്. അതായത് 2035നകം ഓരോ വർഷവും സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് 30,000 കോടി ഡോളർ സാമ്പത്തിക സഹായം നൽകണം.ഈ തുക പര്യാപ്തമല്ലെന്ന് പറഞ്ഞ് ചില രാജ്യങ്ങൾ ഇറങ്ങിപ്പോയി. രാജ്യതിർത്തികൾക്കുള്ളിൽ ഒതുക്കി നിർത്താൻ കഴിയുന്നതല്ല കാലാവസ്ഥാ വ്യതിയാനം. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ വരും വർഷങ്ങളിൽ ഇതിലും വലിയ ദുരന്തങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. 

ഇലക്ടറൽ ബോണ്ടിലും ബിൽക്കിസ് ബാനു കേസിലും അടക്കം സുപ്രധാന വിധികൾ; ഇന്ത്യൻ ജുഡീഷ്യറിയെ പുനർനിർവചിച്ച 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios