ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി വിമാനം, 2 മരണം, നിരവധിപ്പേർക്ക് പരിക്ക്

വിമാനത്താവളത്തിന് സമീപത്തെ ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി വിമാനം. രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്. 

flight crashes into factory building near airport immediately after take off  3 January 2025

കാലിഫോർണിയ: ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തി ചെറുവിമാനം. രണ്ട് പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്. കാലിഫോർണിയയിലെ തെക്കൻ മേഖലയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. ആർവി 10 എന്ന ഒറ്റ എൻജിൻ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് കൂപ്പുകുത്തിയത്. ഫാക്ടറി കെട്ടിടത്തിന്റെ മേൽക്കൂര തകർത്ത് വിമാനം കെട്ടിടത്തിന് ഉള്ളിലേക്ക് പതിക്കുകയായിരുന്നു. 

അപകടത്തിൽ മരിച്ചവർ വാഹനത്തിലെ യാത്രക്കാരാണോ അതോ ഫാക്ടറി തൊഴിലാളികളാണോയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഫാക്ടറി കെട്ടിടത്തിന് ഉള്ളിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തിന്റെ ഭാഗങ്ങൾ നീക്കിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫർണിച്ചർ നിർമ്മാണ ഫാക്ടറിയിലേക്കാണ് വിമാനം കുപ്പുകുത്തിയത്. അപകട കാരണം കണ്ടെത്താനായി ഫെഡറൽ ഏവിയേഷൻ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഏറിയ പങ്കും ഫാക്ടറി തൊഴിലാളികളാണെന്നാണ് പുറത്ത് വരുന്ന വിവരം. 

വിമാനം കെട്ടിടത്തിനുള്ളിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഫാക്ടറിയിൽ നിന്ന് പുകയും തീയും ഉയർന്നിരുന്നു. ഡിസ്നിലാൻഡിൽ  നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഫുള്ളർടോൺ മുൻസിപ്പൽ വിമാനത്താവളത്തിന് സമീപത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിലേക്ക് തിരികെ പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ വിമാന അപകടമാണ് ഇത്. നവംബർ 25ന് ഈ ഫാക്ടറിക്ക് സമീപത്തെ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ച് കയറിയത്. ഈ അപകടത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിരുന്നില്ല.     
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios