ലാൻഡിംഗിനിടെ വിമാനത്തിനടിയിൽ നിന്ന് തീയും പുകയും, കഷ്ടിച്ച് രക്ഷപ്പെട്ട് 190 യാത്രക്കാർ
ലാൻഡിംഗിനിടെ വിമാനത്തിന് അടിയിൽ നിന്ന് തീയും പുകയും. മുന്നറിയിപ്പുമായി പൈലറ്റ്. തക്കസമയത്ത് ഇടപെടലുമായി അഗ്നിരക്ഷാ സേന.
ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്ത് നിന്നായി തീയും പുകയും പടർന്നു. അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗസിലാണ് സംഭവം. ഫ്രൊണ്ടിയർ എയർലൈനിന്റെ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്.
റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്ത് നിന്നാണ് തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. തീ അണച്ചതിന് ശേഷം വിമാനത്തിന് ചുറ്റം രൂക്ഷമായ രീതിയിലാണ് പുക പടർന്നത്.
ഫ്രോണ്ടിയർ എയർലൈനിന്റെ 1326 വിമാനത്തിനാണ് അപകടം നേരിട്ടത്. യാത്രക്കാരേയും വിമാനക്കമ്പനി ജീവനക്കാരേയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ല. സാൻഡിയാഗോയിൽ നിന്ന് എത്തിയതായിരുന്നു വിമാനം. സാൻഡിയാഗോയിൽ നിന്ന് പ്രാദേശിക സമയം 1.51 ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഉച്ച കഴിഞ്ഞ് 3.37നാണ് ലാസ് വേഗസിലെത്തിയത്.
Frontier flight 1326 from KSAN-KLAS just caught fire on landing at KLAS.
— Tyler (@TylerHerrick) October 5, 2024
I caught it on video as it landed pic.twitter.com/KGt1Asx3rv
പുക കണ്ടതിന് പിന്നാലെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനാലാണ് അഗ്നിരക്ഷാ സേന തയ്യാറായി നിന്നത്. തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ വിമാനത്താവള അധികൃതർ ക്ഷമാപണം നടത്തി. എയർ ബസ് 321 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. 190 യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം