മാംസം ഭക്ഷിക്കും ബാക്ടീരിയ, 48 മണിക്കൂറിൽ മരണം; ജപ്പാനിൽ സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം ആശങ്ക
രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൻ്റെ അവസാനത്തിൽ, അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ രോഗം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തു.
ടോക്യോ: മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നുതായി റിപ്പോർട്ട്. രോഗം ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നതാണ് ഈ മാരക രോഗം. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്നാണ് രോഗത്തിന്റെ പേര്. ജൂൺ രണ്ടോടെ ഈ വർഷം ജപ്പാനിൽ രോഗം ബാധിച്ചവരുടെ എണ്ണം 977 ആയി ഉയർന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 941 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ആറുമാസം പിന്നിട്ടപ്പോഴേക്കും രോഗബാധിതരുടെ എണ്ണം കൂടിയെന്ന് രോഗത്തിൻ്റെ സ്ഥിതിവിവരകണക്കുകൾ ട്രാക്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് അറിയിച്ചു.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (GAS) സാധാരണയായി കുട്ടികളിൽ സ്‌ട്രെപ്‌തൊക്ക് എന്നറിയപ്പെടുന്ന വീക്കത്തിനും തൊണ്ടവേദനയ്ക്കും കാരണമാകുന്നു. എന്നാൽ ചിലതരം ബാക്ടീരിയകൾ ശരീരത്തിലെത്തിയാൽ കൈകാലുകളിലെ വേദനയും വീക്കവും പനി, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ അതിവേഗം പ്രകടിപ്പിക്കും. നെക്രോസിസ്, ശ്വസന പ്രശ്നങ്ങൾ, അവയവങ്ങൾ പ്രവർത്തന രഹിതമാകൽ എന്നിവയായിരിക്കും മരണ കാരണം. 50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. രോഗം പിടിപെട്ട് ഭൂരിഭാഗം മരണവും 48 മണിക്കൂറിനുള്ളിൽ സംഭവിക്കുമെന്ന് ടോക്കിയോ വിമൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ സാംക്രമിക രോഗ വിദഗ്ധനായ കെൻ കികുച്ചി പറഞ്ഞു.
രാവിലെ കാലിൽ വീക്കം കണ്ടാൽ ഉച്ചയോടെ കാൽമുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളിൽ മരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൻ്റെ അവസാനത്തിൽ, അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ രോഗം ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തു. ആക്രമണാത്മക ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് (iGAS) രോഗങ്ങളുടെ വർധനവ് ആശങ്കയുണ്ടാക്കുന്നതാണെന്നും വിദഗ്ധർ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിനെ തുടർന്നാണ് കേസുകൾ വർധിച്ചതെന്നും പറയുന്നു. നിലവിലെ നിരക്ക് തുടർന്നാൽ ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വർഷം 2,500 ൽ എത്താം. 30 ശതമാനമാണ് രോഗബാധയേറ്റാൽ മരണനിരക്ക്. കൈകളുടെ ശുചിത്വം പാലിക്കാനും മുറിവുകൾ ചികിത്സിക്കാനും വിദഗ്ധർ ഉപദേശിച്ചു. രോഗികൾ അവരുടെ കുടലിൽ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് വഹിക്കാമെന്നും ഇത് മലത്തിലൂടെ പടരാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.