3ാം മാസത്തിൽ അമ്മ മരിച്ചിട്ടും പിടിച്ച് നിന്നു, വെടിമരുന്ന് പ്രയോഗം ജീവനെടുത്തു, റോക്സിയുടെ മരണത്തിൽ മൃഗശാല

ഹാലോവീൻ നൈറ്റും ബോൺ ഫയർ നെറ്റിലുമുണ്ടായ വെടിമരുന്ന് പ്രയോഗം സമ്മർദ്ദത്തിലാക്കി.കുഞ്ഞു ചുവന്ന പാണ്ടയ്ക്ക് ദാരുണാന്ത്യം

fireworks allegedly cause death of  baby red panda Edinburgh Zoo

എഡിൻബർഗ്: റോക്സിയെന്ന ചുവന്ന പാണ്ട കുഞ്ഞിന്റെ മരണത്തിൽ വെടിമരുന്ന് പ്രയോഗത്തെ പഴിചാരി സ്കോട്ട്ലാൻഡിലെ മൃഗശാല അധികൃതർ. ബോൺഫയർ നൈറ്റ് ആചരണത്തിന്റെ ഭാഗമായി നടത്തിയ വെടിമരുന്ന പ്രയോഗമാണ് മൂന്ന് മാസം മാത്രം പ്രായമുള്ള അപൂർവ്വയിനം പാണ്ടയുടെ മരണത്തിന് കാരണമായതെന്നാണ് റോയൽ സൂവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലാൻഡ് എന്ന പേരിൽ അറിയപ്പെടുന്ന എഡിൻബർഗ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

 വെടിമരുന്ന് പ്രയോഗങ്ങളുടെ ഭാഗമായുണ്ടായ ശബ്ദവും പ്രകാശവും പുകയും കുഞ്ഞുപാണ്ടയെ അതീവ സമ്മർദ്ദത്തിലാക്കിയെന്നും ഇതിന് പിന്നാലെയാണ് നവംബർ 5ന്  ശ്വാസം മുട്ടിയാണ് റോക്സി മരണപ്പെട്ടതെന്നാണ് റോയൽ സൂവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലാൻഡ് ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ബെൻ സപ്പിൾ വിശദമാക്കിയത്. 1605 ലെ ഇംഗ്ലീഷ് കത്തോലിക്കാ വിഭാഗം നടത്തിയ വെടിമരുന്ന ഗൂഡാലോചനയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മൃഗശാലയുടെ പരിസര പ്രദേശങ്ങളിലായി ഉണ്ടായ വെടിമരുന്ന് പ്രയോഗത്തിന് പിന്നാലെ ഛർദ്ദിച്ച് അവശനിലയിലായ കുഞ്ഞുപാണ്ടയെ വെറ്റിനറി വിദഗ്ധർ പരിശോധിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

പടിഞ്ഞാറൻ ഹിമാലയത്തിലും ചൈനയിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലും കാണുന്ന പൂച്ചയുടെ വലുപ്പം മാത്രമുള്ള ചുവന്ന പാണ്ട രാത്രി കാലങ്ങളിൽ മാത്രം ഇരതേടുന്ന മൃഗങ്ങളാണ്. ഇന്ത്യ, ഭൂട്ടാൻ, ചൈന, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽ സംരക്ഷിത ജീവികളാണ് ചുവന്ന പാണ്ടകൾ. വേട്ടയാടലും ആളുകളുടെ കാട് കയ്യേറ്റവും നിമിത്തവും വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുന്ന ഇനം പാണ്ടകളാണ് ഇത്. 

സംരക്ഷിത സാഹചര്യങ്ങളിൽ പിറന്നാൽ പോലും അതിജീവന സാധ്യതകൾ വളരെ കുറവുള്ളതാണ് ചുവന്ന പാണ്ടകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ജനിച്ച ആദ്യമാസങ്ങളിൽ ഇവ  അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. പിറക്കുന്ന ചുവന്ന പാണ്ടകുഞ്ഞുങ്ങളിൽ 60 ശതമാനവും ഒന്നാം പിറന്നാൾ വരെ ജീവിച്ചിരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വിശദമാക്കുന്നത്. അഞ്ച് ദിവസം മുൻപാണ് റോക്സിയുടെ അമ്മ ജിഞ്ചർ മരിച്ചത്. ഇതിന് ശേഷവും റോക്സി തനിയെ തീറ്റയെടുത്ത് തുടങ്ങിയത് മൃഗശാല അധികൃതർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഹാലോവീൻ രാത്രിയായ ഒക്ടോബർ 31 നും ബോൺഫയർ നൈറ്റിലുമുണ്ടായ വെടിമരുന്ന് പ്രയോഗം റോക്സിയെ സാരമായി സമ്മർദ്ദത്തിലാക്കിയെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

നായകൾ അടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് വെടിമരുന്ന് പ്രയോഗം സൃഷ്ടിക്കുന്ന പ്രയാസം ഉടമകൾക്ക് തിരിച്ചറിയാനാവുമെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios