മകന്റെ ഹോം വർക്കിനെച്ചൊല്ലി സ്കൂളിൽ വിളിച്ച് ബഹളം, പിന്നാലെ പൊലീസിനും ഫോൺ കോളുകളുടെ പെരുമഴ; അച്ഛൻ അറസ്റ്റിൽ
സ്കൂൾ അധികൃതർ ഹോം വർക്കുകളെ ന്യായീകരിച്ചതോടെ ഭീഷണിയായി. ഇതിന് ശേഷം സ്കൂൾ അധികൃതർ ഫോൺ കോളുകളോട് പ്രതികരിക്കാതെയായി.
മകന് സ്കൂളിൽ നിന്നു കൊടുത്തുവിടുന്ന ഹോം വർക്കുകളുടെ പേരിൽ സ്കൂളിലേക്ക് നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തയാളെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ അധികൃതർ ഫോൺ കോളുകൾക്ക് മറുപടി നൽകാതായതോടെ പിന്നീട് പൊലീസിനായി ഫോൺ കോളുകളുടെ പെരുമഴ. ഇതിനൊടുവിലാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ഒഹായോയിൽ നിന്നാണ് ഈ സംഭവം ടുഡേ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദം സിസ്മോർ എന്നയാളാണ് തന്റെ മകൻ പഠിക്കുന്ന എലമെന്ററി സ്കൂളിൽ നിന്ന് താങ്ങാനാവാത്തത്ര ഹോം വർക്കുകൾ കൊടുത്തുവിടുന്നെന്ന് ആരോപിച്ച് ഫോൺ വിളിച്ചത്. സ്കൂൾ പ്രിൻസിപ്പൽ നടപടി എടുക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സ്കൂൾ അധികൃതർ ഹോം വർക്കുകളെ ന്യായീകരിച്ചതോടെ ഭീഷണിയായി. ഇതിന് ശേഷം സ്കൂൾ അധികൃതർ ഫോൺ കോളുകളോട് പ്രതികരിക്കാതെയായി. നിരന്തരം ഇങ്ങനെ ഫോൺ വിളിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും സ്കൂൾ റിസോഴ്സ് ഓഫീസർ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ഇതോടെയാണ് ഓക്സ്ഫഡ് പൊലീസ് ഡിപ്പാർട്ട്മെന്റിലേക്ക് വിളിക്കാൻ തുടങ്ങഇയത്. ഒരു മണിക്കൂറിൽ 18 തവണ ഫോൺ വിളിച്ച ശേഷം പൊലീസ് മേധാവിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അത് സാധ്യമാവാതെ വന്നതോടെ കുപിതനായി അസഭ്യം പറഞ്ഞു. പൊലീസ് മേധാവി തന്നെ വീട്ടിൽ വന്ന് കാണണം എന്നായി ആവശ്യം. എന്നാൽ കുട്ടിക്ക് അസാധാരണമായ അളവിലൊന്നും ഹോം വർക്കുകൾ കൊടുക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. അതേസമയം ഒരു മകനെയും മകളെയും ഒറ്റയ്ക്ക് വളർത്തുന്ന തനിക്ക് സാധ്യമാവുന്നത് മാത്രമേ തനിക്ക് ചെയ്യാനാവൂ എന്നായിരുന്നു അച്ഛന്റെ വാദം.
ഫോണിലൂടെ ശല്യം ചെയ്തതിന് പൊലീസ് പിന്നെ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ആരോപണങ്ങളെല്ലം നിഷേധിച്ചെങ്കിലും ആറ് മാസം വരെ ജയിൽ ശിക്ഷയും ഓരോ തവണ ശല്യം ചെയ്തതിനും 1000 ഡോളർ വീതം പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം