വേലി പരിശോധിക്കുന്നതിനിടെ കാലിൽ കടിച്ച് മുതല, തിരിച്ച് കൺപോളയിൽ കടിച്ച് കർഷകൻ, ഒടുവിൽ !

ഇടതുകാലുകൊണ്ട് തൊഴിച്ച് രക്ഷപ്പെടാനുള്ള ശ്രമം ഫലം കാണാതെ വരികയും മരണ വെപ്രാളത്തില്‍ മുതലയുടെ കണ്‍പോളയില്‍ കടിക്കുകയുമായിരുന്നു

farmer survives crocodile attack by biting back on crocodiles eyelid etj

സിഡ്നി: കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് രക്ഷപ്പെട്ട് കർഷകന്‍. ഓസ്ട്രേലിയയിലാണ് സംഭവം. കന്നുകാലി ഫാം നടത്തി ഉപജീവനം നടത്തിയിരുന്ന കർഷനാണ് മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. മുതല കാലില്‍ കടിച്ച സമയത്ത് മുതലയുടെ കണ്‍ പോളയില്‍ കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. കാലിലെ ഗുരുതര പരിക്കുകള്‍ക്കുള്ള ചികിത്സയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് കോളിന്‍ ഡിവാറേക്സ് എന്ന കർഷകന്‍ ആശുപത്രി വിട്ടത്. 10 അടിയിലേറെ നീളമുള്ള മുതലയാണ് ഇയാളെ ആക്രമിച്ചത്.

തടാകക്കരയില്‍ നിർമ്മിക്കുന്ന വേലിക്ക് അരികിലേക്ക് പോവുന്നതിനിടയിലാണ് കഴിഞ്ഞ മാസം മുതല ഇയാളെ ആക്രമിക്കുന്നത്. തടാകക്കരയിലെ മത്സ്യങ്ങളെ നോക്കി അല്‍പ നേരം നിന്ന കർഷകന്റെ കാലില്‍ മുതല കടിക്കുകയായിരുന്നു. വലതുകാലില്‍ കടിച്ച് തടാകത്തിലേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാല് വച്ച് മുതലയെ തൊഴിച്ച് രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചതെന്നും എന്നാല്‍ അത് ഫലം കണ്ടില്ല. വെപ്രാളത്തിനിടയില്‍ മുതലയുടെ കണ്‍പോളയില്‍ കടിക്കാന്‍ സാധിച്ചു. തുകലില്‍ കടിക്കുന്നത് പോലെ തോന്നിയെങ്കിലും മരണവെപ്രാളത്തിനിടെ ഈ കടി മുറുക്കുകയായിരുന്നു. ഇതോടെ കാലിലെ പിടിയില്‍ അയവ് വരുകയായിരുന്നു. ഒരുവിധത്തില്‍ പരിക്കേറ്റ കാലുമായി തടാകക്കരയില്‍ നിന്ന് കാറിനടുത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് ആശുപത്രി വിട്ടതിന് പിന്നാലെ കർഷകന്‍ പ്രതികരിച്ചത്.

കാറിലുണ്ടായിരുന്ന ടവ്വല്‍ ഉപയോഗിച്ച് രക്തമൊഴുകുന്നത് ഒരു വിധം കെട്ടിവച്ച് സഹോദരന്റെ സഹായത്തോടെ 130 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തായിരുന്നു മുതലയുടെ കടിയേറ്റിരുന്നതെങ്കില്‍ രക്ഷപ്പെടല്‍ അസാധ്യമായേനെയെന്നാണ് കർഷകന്‍ പ്രതികരിക്കുന്നത്. ചെളിയിലൂടെ നടന്ന് തടാകക്കരയിലുള്ള വേലികള്‍ നിർമ്മിക്കുകയും അറ്റകുറ്റ പണികള്‍ നടത്തുകയും പതിവാണെങ്കിലും മുതലയുടെ ആക്രമണം നേരിടുന്നത് ആദ്യമാണെന്നാണ് കർഷകന്‍ പറയുന്നത്. ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ മുതലകള്‍‌ സംരക്ഷിത ജീവിയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ശാസ്ത്രപരമായ ഗവേഷണങ്ങള്‍ക്കും മുതലകള്‍ക്ക് പ്രാധാന്യമുണ്ട്. ഏപ്രില്‍ മാസത്തില്‍ ക്വീന്‍സ് ലാന്‍ഡില്‍ മുതലയുടെ ആക്രമണം ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios