14-ാം വയസിൽ ലോകത്തെ അമ്പരപ്പിച്ച ലിയാം പെയ്ൻ, 31-ാം വയസിൽ ലോക പ്രശസ്ത ഗായകന് ദാരുണാന്ത്യം
2008 ൽ 14 -ാം വയസിൽ ദി എക്‌സ് ഫാക്ടറിനായുള്ള ഓഡിഷനിലൂടെയാണ് പെയ്ൻ ലോകത്തെ അമ്പരപ്പിക്കാൻ തുടങ്ങിയത്
ബ്യൂണസ് ഐറിസ്: ലോക പ്രശസ്ത പോപ്പ് ബാൻഡ് സംഘമായ വൺ ഡയറക്ഷന്റെ ഗായകൻ ലിയാം പെയ്ൻ ഹോട്ടലിൽനിന്ന് വീണ് മരിച്ചു. അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചെന്നാണ് വിവരം. പെയ്ൻ മയക്കുമരുന്ന് ലഹരിയിൽ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുപ്പത്തൊന്നാം വയസിലാണ് ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ഗായകന് ദാരുണാന്ത്യം സംഭവിച്ചത്.
മയക്കുമരുന്ന് ലഹരിയിൽ പെയ്ൻ ഹോട്ടലിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. റൂമിനകത്ത് ബഹളം വയ്ക്കുന്നത് കൂടിയപ്പോൾ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിളിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പൊലീസ് എത്തും മുന്നെ തന്നെ ബാൽക്കണിയിൽ നിന്ന് വീണ നിലയിൽ പെയ്ന്‍റെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഗായകൻ്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
2008 ൽ 14 -ാം വയസിൽ ദി എക്‌സ് ഫാക്ടറിനായുള്ള ഓഡിഷനിലൂടെയാണ് പെയ്ൻ ലോകത്തെ അമ്പരപ്പിക്കാൻ തുടങ്ങിയത്. അന്ന് ഫ്രാങ്ക് സിനാത്രയുടെ 'ഫ്ലൈ മി ടു ദ മൂൺ' എന്ന ഗാനം ആലപിച്ച പെയ്ന് ബ്രിട്ടിഷ് ജനത നിറഞ്ഞ കയ്യടിയാണ് നൽകിയത്. പിന്നീട് പെയിന്‍റെ വളർച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ജഡ്ജ് നിക്കോൾ ഷെർസിംഗർ പെയ്നെ സ്റ്റൈൽസ്, ടോംലിൻസൺ, ഹൊറാൻ, മാലിക് എന്നിവരോടൊപ്പം വൺ ഡയറക്ഷൻ രൂപീകരിച്ചു. പിന്നീട് വൺ ഡയറക്ഷന്റെ ലോക പര്യടനങ്ങളിലൂടെ പെയ്ൻ ലോകമാകെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.
പെയ്‌നിൻ്റെ ദാരുണമായ മരണം ആരാധകരെയും സംഗീത ലോകത്തെയും വല്ലാതെ വേദനപ്പിക്കുകയാണ്. ലോകത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും പ്രശസ്തരടക്കമുള്ളവർ പെയിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. പെയ്ൻ വീണ് മരിച്ച ബ്യൂണസ് ഐറിസിലെ ഹോട്ടലിന് പുറത്ത് ആരാധകർ മെഴുകുതിരി കത്തിച്ചും പെയിൻ്റെ പാട്ടുകൾ പാടിയും വേദന പങ്കിട്ടു.
ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു, വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ; തെക്കൻ ലെബനനിൽ കനത്ത നാശം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം