'അവൻ സന്തോഷവാനായിരുന്നു, ഇന്നലെയും വീട്ടിലേക്ക് വിളിച്ചു, മൃതദേഹം നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഇടപടണം'
ചിരാഗ് സന്തോഷവനായിരുന്നു. ആരാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ദില്ലി: കാനഡയിൽ വെടിയേറ്റ് കൊല്ലപ്പെട്ട വിദ്യാർഥിയുടെ മാതാപിതാക്കൾ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും സഹായം തേടി. വാൻകൂവറിൽ സ്വന്തം കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 24കാരനായ ചിരാഗ് അന്തിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സോനിപത്താണ് ചിരാഗിന്റെ ജന്മദേശം. 2022ലാണ് ചിരാഗ് കാനഡയിൽ വിദ്യാഭ്യാസത്തിനായി എത്തിയത്.
ഈയടുത്ത് യൂണിവേഴ്സിറ്റി കാനഡ വെസ്റ്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി ജോലി പെർമിറ്റ് നേടിയിരുന്നു. മകൻ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്ന് പിതാവ് മാഹാവൂർ അന്തിൽ പറഞ്ഞു. ജോലി പെർമിറ്റ് നേടിയതിൽ കുടുംബം സന്തോഷത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം രാവിലെ ചിരാഗുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും സഹോദരൻ റോണിത് പറഞ്ഞു.
ചിരാഗ് സന്തോഷവനായിരുന്നു. ആരാണ് കൊലക്ക് പിന്നിലെന്ന് കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപടണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് ചിരാഗിന്റെ വീട്ടിലേക്ക് നാട്ടുകാർ ഒഴുകിയെത്തി.
ചിരാഗിനെ സ്വന്തം ഔഡി കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാൻകൂവർ പൊലീസ് പ്രസ്താവനയിൽ വിശദമാക്കിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വിശദമാക്കി. ചിരാഗിന്റെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലുമാണ് കുടുംബമുള്ളത്.