ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

അപരിചിതമായ നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തണം. പ്രത്യേകിച്ച് ഫോണ്‍ വിളിക്കുന്നയാള്‍ നിങ്ങളോട് യെസ്, അല്ലെങ്കില്‍ നോ എന്ന ഉത്തരം പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍. 

Experts warn of deepfake scams using artificial intelligence

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ ടെക്നിക്കാണ്, അതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ. 

നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് 'ഓഡിയോ ഡീപ്പ് ഫേക്ക്'. കൂടുതല്‍ വിശ്വാസ്യത തോന്നിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കുന്നതാണ് ഇത്. ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് 94 മില്യന്‍ ദിര്‍ഹമാണ് നഷ്ടമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് കുറ്റവാളികള്‍ നടത്തിയ ഒരു വീഡിയോ കോളാണ് കമ്പനിക്ക് ഭീമന്‍ നഷ്ടമുണ്ടാക്കിയത്. 

ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളോട് ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടാനുള്ള അവസരങ്ങളുണ്ടാക്കുകയും ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഈ ശബ്ദങ്ങള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുമെന്നും വുമണ്‍ ഇന്‍ സൈബര്‍സെക്യൂരിറ്റി മിഡില്‍ ഈസ്റ്റ് ബോര്‍ഡ് അംഗമായ ഐറിന്‍ കോര്‍പ്പസ് പറഞ്ഞു. നിരവധി ആളുകള്‍ പങ്കെടുക്കുന്ന സൂം മീറ്റിങ്ങുകളും ഇത്തരത്തില്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Read Also -  വിന്‍ഡോസ് തകരാര്‍; പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുത് മുന്നറിയിപ്പുമായി യുഎഇ മന്ത്രാലയം

ഇവിടെ ഇരയാക്കപ്പെടുന്നവര്‍ അവരുടെ സുഹൃത്തിന്‍റെയോ പ്രിയപ്പെട്ടവരുടെയോ ശബ്ദം കേള്‍ക്കുമ്പോഴോ വീഡിയോ കാണുമ്പോഴോ തട്ടിപ്പിന് കൂടുതല്‍ വിശ്വാസ്യതയുണ്ടാകുന്നതായും അവര്‍ പറഞ്ഞു. അപരിചിതമായ നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ വളരെയധികം ജാഗ്രത പുലര്‍ത്തണം. പ്രത്യേകിച്ച് ഫോണ്‍ വിളിക്കുന്നയാള്‍ നിങ്ങളോട് യെസ്, അല്ലെങ്കില്‍ നോ എന്ന ഉത്തരം പറയാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയാണെങ്കില്‍. 

തട്ടിപ്പ് നടത്തുന്ന രീതി ഇങ്ങനെ

തട്ടിപ്പ് നടത്തുന്നവര്‍ക്ക് ചാറ്റ്ബോട്ട് ഉപയോഗിച്ച് കോളുകള്‍ തുടങ്ങാനാകും. ഇവിടെ ഇടപാട് അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിനായി ചാറ്റ്ബോട്ട്, 'പേയ്മെന്‍റ് നടത്താന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോ'? എന്ന് ചോദിക്കുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് മുമ്പ് റെക്കോര്‍ഡ് ചെയ്ത 'യെസ്' അല്ലെങ്കില്‍ 'നോ' ശബ്ദം ഉപയോഗിക്കാനാകും. അതിനാല്‍ തന്നെ അപരിചിതമായ കോളുകള്‍ക്ക് മറുപടി പറയുമ്പോള്‍ യെസ്, നോ പോലുള്ള വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ഐറിന്‍ കോര്‍പ്പസ് പറയുന്നു. 

തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അവ പണമിടപാടുകള്‍ക്കോ ഐഡൻ്റിറ്റി വെരിഫിക്കേഷനായി വോയിസ് റെക്കഗ്നിഷൻ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെ കബളിപ്പിക്കാനോ സാധിക്കുമെന്നും അവര്‍ പറയുന്നു. 

ചുരുക്കത്തിൽ അപരിചതമായ നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളും ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് അർത്ഥം. പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ആളുകളുടെ ശബ്ദവും യെസ്, നോ പോലുള്ള വാക്കുകളുമൊക്കെ പറയിപ്പിച്ച് റെക്കോർഡ് ചെയ്യിപ്പിക്കുകയും അത് ഉപയോഗിച്ച് പിന്നീട് തട്ടിപ്പ് നടത്തുകയുമാണ് ഏറ്റവും പുതിയ രീതി. അജ്ഞാതമായ നമ്പറുകളിലെ കോളുകൾ സ്വീകരിച്ച് കുറച്ച് നേരം സംസാരിക്കാമെന്ന് കരുതിയാലും പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios